വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാകാതെ ജപ്തി ഭീഷണിയിലായി വിദ്യാര്‍ഥികള്‍. പലര്‍ക്കും ബാങ്ക് ജപ്തി നോട്ടീസ് അയച്ചു തുടങ്ങി. വിദ്യാഭ്യാസ വായ്പയെന്ന് പരാമര്‍ശിക്കാതെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഇതിനോടകം ജപ്തി നോട്ടീസ് കൈപ്പറ്റിയതായാണ് കണക്ക്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ പോലും ജപ്തി നടപടികളുമായി മുന്നോട്ട് പോകുകയാണ്. ബാങ്ക് വായ്പയെടുത്ത് തിരിച്ചു നല്‍കാത്ത വന്‍കിട മുതലാളിമാരെ ലക്ഷ്യമിട്ട് രൂപീകരിച്ച സര്‍ഫാസി ആക്ട് പാവപ്പെട്ട വിദ്യാഭ്യാസ വായ്പയെടുത്തവരില്‍ പ്രയോഗിക്കുന്ന സ്ഥിതിയാണിപ്പോള്‍.
കോഴ്‌സ് കഴിഞ്ഞ് ജോലി ലഭിക്കാത്തതാണ് ലോണടവ് മുടങ്ങാന്‍ കാരണം. ഇതില്‍ ഏറെയും എഞ്ചിനീയറിംഗ്, നഴ്‌സിംഗ് കോഴ്‌സും കഴിഞ്ഞവരാണ്. എകദേശം 15 ലക്ഷം വിദ്യാര്‍ഥികള്‍ വായ്പയെടുത്ത് തൊഴില്‍ രഹിതരായി തുടരുന്നുണ്ടെന്നാണ് ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ (ഐ.എന്‍.പി.എ) ചൂണ്ടിക്കാട്ടുന്നു. ഏഴു ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് വസ്തുവോ രക്ഷിതാവിന്റെ ജാമ്യമോ ആവശ്യമില്ലെന്ന നിയമവും വിദ്യാഭ്യാസ വായ്പക്ക് കൂട്ട്പലിശയും പിഴപ്പലിശയും ഈടാക്കരുതെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശവും ബാങ്കുകള്‍ പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. 2018 ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതയിലുള്ള നിബന്ധനകള്‍ പ്രകാരം ഒട്ടുമിക്കവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
വിവിധ കോഴ്‌സുകളില്‍ പഠിച്ചവരെ ഒഴിവാക്കിക്കൊണ്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരങ്ങളുണ്ടാകുമെന്നും ഒപ്പം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള ഫീസ് വായ്പയായി നല്‍കുമെന്നുമായിരുന്നു സ്വാശ്രയ കോഴ്സുകള്‍ സംസ്ഥാനത്ത് അനുവദിച്ച കാലത്ത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഈ വായ്പകള്‍ക്ക് ചെറിയ പലിശ മാത്രമെ ഉണ്ടാവുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു.
വിദ്യാഭ്യാസം പൂര്‍ത്തിയായി തൊഴില്‍ ലഭിച്ചതിനു ശേഷം മാത്രം തിരിച്ചടച്ചാല്‍ മതിയെന്ന വാഗ്ദാനവും വിശ്വസിച്ച് സംസ്ഥാനത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ വായ്പയെടുത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടി.
സാശ്രയ കോളജുകള്‍ ഫീസ് കുത്തനെ കൂട്ടി വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. വിദ്യാഭ്യാസ വായ്പ മൂലം കടക്കെണിയിലായ വിദ്യാര്‍ഥികളുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ വായ്പകളിന്മേലുള്ള ജപ്തിയും നിയമനടപടികളും നിര്‍ത്തിവെക്കണമെന്നും ഐഎന്‍പിഎ സംസ്ഥാന സെക്രട്ടറി എസ് മിനി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.