X
    Categories: Video Stories

ബാഫഖി തങ്ങളുടെ കത്ത് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഒടുവില്‍ മൊയ്തീന്‍ ഹാജി യാത്രയായി

കുറ്റിക്കാട്ടൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളേയും ജീവന് തുല്യം സ്‌നേഹിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ കെ.എം മൊയ്തീന്‍ ഹാജി. മരണം വരെ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അദ്ദേഹത്തിന്റെ പാര്‍ട്ടി സ്‌നേഹത്തിന് പിന്നില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെന്ന ഇതിഹാസനായകന്‍ തന്റെ പാര്‍ട്ടിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും എത്ര കരുതല്‍ കാണിച്ചിരുന്നുവെന്നതിന്റെ ഒരു കഥ കൂടിയുണ്ട്.

മൊയ്തീന്‍ ഹാജിയുടെ യവ്വനകാലത്ത് തന്നെ അദ്ദേഹം കുറ്റിക്കാട്ടൂരിലേയും പരിസര പ്രദേശത്തേയും ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ലീഗിന്റെ ഏത് പരിപാടികളിലും സമരമുഖങ്ങളിലും മുന്നണി പോരാളിയായി മൊയ്തീന്‍ ഹാജി ഉണ്ടാവുമായിരുന്നു. അതുകൊണ്ട് തന്നെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അദ്ദേഹം സുപരിചിതനായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന് പ്രാദേശിക ലീഗ് നേതാക്കളുമായി ചില അഭിപ്രായ ഭിന്നതകളുണ്ടാവുകയും പ്രവര്‍ത്തനരംഗത്ത് നിന്ന് അല്‍പം മാറി നില്‍ക്കുകയും ചെയ്ത സമയത്താണ് പ്രശ്‌നത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഇടപെടുന്നത്.

ബാഫഖി തങ്ങള്‍ തന്നെ സ്വന്തം ലെറ്റര്‍ പാഡില്‍ മൊയ്തീന്‍ ഹാജിക്ക് കത്തയച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ വന്ന് തന്നെ കാണണമെന്നായിരുന്നു നിര്‍ദേശം. തന്റേടിയും കര്‍ക്കശക്കാരനുമായിരുന്ന മൊയ്തീന്‍ ഹാജി പ്രശ്‌നങ്ങളെല്ലാം തങ്ങളോട് ശക്തമായി തന്നെ പറയണമെന്ന ചിന്തയോടെയാണ് ലീഗ് ഹൗസിലെത്തിയത്. അവിടെ ഒരു കസേരയില്‍ നീണ്ട് നിവര്‍ന്നിരിക്കുന്ന അതികായകനായ ബാഫഖി തങ്ങളെ കണ്ടു. പ്രകാശം ഗോപുരം പോലെയുള്ള ആ മുഖത്തേക്ക് നോക്കിയപ്പോള്‍ തനിക്ക് പറയാനുള്ളതെല്ലാം മറന്നുപോയെന്ന് മൊയ്തീന്‍ ഹാജിയുടെ അനുഭവ സാക്ഷ്യം. നീയാണോ മൊയ്തീന്‍ എന്നായിരുന്നു ബാഫഖി തങ്ങളുടെ ചോദ്യം..അതെ എന്ന വിനയാന്വിതമായ മറുപടിക്ക് പിന്നാലെ തങ്ങളുടെ കല്‍പന ‘മരണം വരെ ലീഗില്‍ തന്നെ തുടരണം’. ആ കല്‍പന ഹൃദയത്തിലേറ്റു വാങ്ങി അവിടെ നിന്ന് മടങ്ങിയ മൊയ്തീന്‍ ഹാജി മരണം വരെ അത് നിറവേറ്റി.

ബാഫഖി തങ്ങളുമായുള്ള കൂടിക്കാഴ്ച്ചയുടെ അനുഭവം പങ്കുവെക്കുമ്പോഴെല്ലാം മൊയ്തീന്‍ ഹാജി വികാരാധീനനാവുമായിരുന്നു. തങ്ങള്‍ തനിക്കയച്ച കത്ത് തന്റെ ജീവിതത്തിലെ അമൂല്യ നിധിയായി കരുതിയിരുന്ന അദ്ദേഹം അത് ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. രോഗിയായിരിക്കുന്ന അവസ്ഥയില്‍ തന്നെ കാണാന്‍ വന്ന പ്രാദേശിക ലീഗ് നേതാക്കളോടെല്ലാം മൊയ്തീന്‍ ഹാജിക്ക് പറയാനുള്ള ഏക ആഗ്രഹം തന്നെ മയ്യിത്തിന് മേല്‍ പച്ചപ്പതാക പുതപ്പിക്കണം എന്നത് മാത്രമായിരുന്നു.

ഏറെക്കാലം പ്രവാസ ജീവിതം നയിച്ച അദ്ദേഹം കെ.എം.സി.സിയുടേയും സജീവ പ്രവര്‍ത്തകനായിരുന്നു. അബുദാബി ചന്ദ്രിക റീഡേഴ്‌സ് ഫോറം അംഗം, കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, പൈങ്ങോട്ടുപുറം പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: