ഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് തനിക്കു ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കാന്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍. കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ വേദനയുണ്ടെന്നും അവര്‍ വഞ്ചിക്കപ്പെട്ടു എന്നു തോന്നുന്നതായും ബാദല്‍ പ്രതികരിച്ചു. രാഷ്ട്രപതിക്ക് അയച്ച ഇ-മെയിലിലാണ് ഇദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്.
ശിരോമണി അകാലിദള്‍ നേതാവായ ബാദല്‍ നാലു തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. കര്‍ഷക ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സെപ്തംബറില്‍ ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടിരുന്നു. എന്‍ഡിഎയിലെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷി ആയിരുന്നു അകാലിദള്‍.
‘സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് ഓര്‍ഡിന്‍സ് കൊണ്ടു വന്ന വേളയില്‍ കൃഷിക്കാര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. അവരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. സര്‍ക്കാറിന്റെ വാക്കുകള്‍ വിശ്വസിക്കണമെന്ന് ഞാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാക്കു മാറിയപ്പോള്‍ ഞാ്ന്‍ ഞെട്ടിപ്പോയി’ – ബാദല്‍ വ്യക്തമാക്കി.
‘പഞ്ചാബിലെ ജനങ്ങളെ, പ്രത്യേകിച്ചും കര്‍ഷകരെ കൊണ്ടാണ് ഞാന്‍ ഇന്നു കാണുന്ന ആളായി മാറിയത്. ഇന്ന് കര്‍ഷകര്‍ക്ക് ആദരവ് നഷ്ടമാകുമ്പോള്‍ ഈ പത്മവിഭൂഷണ്‍ ബഹുമതി വച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. ഷായുടെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു ചര്‍ച്ച. വിജ്ഞാന്‍ ഭവനില്‍ കര്‍ഷകരും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്.
ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധം എട്ടാം ദിനത്തിലേക്ക് കടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പിന്തുണയുമായി ഡല്‍ഹിയിലേക്ക് വരുന്നുണ്ട്. സര്‍ക്കാര്‍ ഈയിടെ കൊണ്ടു വന്ന കാര്‍ഷിക നിയമം പിന്‍വലിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം.