Connect with us

kerala

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ നിന്നും ദുരനുഭവം; സൈബര്‍ ആക്രമണം, പരാതി നല്‍കി പി കെ നവാസ്

Published

on

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. യുഎഇയിലെ കെഎംസിസി പരിപാടി കഴിഞ്ഞ് ഇന്ന് വൈകുന്നേരം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നവാസിന് കസ്റ്റംസില്‍ നിന്ന് ദുരനുഭവമുണ്ടായത്.

റാസല്‍ഖൈമ – കാലിക്കറ്റ് എയര്‍അറേബ്യ ഫ്ളൈറ്റില്‍ നിന്നും പുറത്തിറങ്ങിയ നവാസ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസിലേക്ക് പ്രവേശിച്ചയുടനെ പെട്ടെന്ന് രണ്ട് ആളുകള്‍ വന്ന് പേരും പാസ്സ്‌പോര്‍ട്ടും ചോദിച്ചെന്ന് പറയുന്നു. അവരുടെ കയ്യിലെഴുതിയ നമ്പറും നവാസിന്റെ പാസ്സ്‌പോര്‍ട്ട് നമ്പറും ഒത്ത് നോക്കി ചോദ്യങ്ങള്‍ ചോദിച്ചെന്നും വെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടന്നും നവാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എവിടെ പോയതാണെന്നും എന്തിന് പോയതാണെന്നും ചോദിച്ച് നവാസിന്റെ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗ് പരിശോധിച്ചെന്നും കുറിപ്പിലുണ്ട്. കാര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടായെന്നും നവാസ് പറഞ്ഞു. തന്റെ ഡെസിഗ്‌നേഷന്‍ പറഞ്ഞപ്പോള്‍ പേരില്‍ ഒരു ഇന്‍ഫര്‍മേഷന്‍ വന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ മറുപടി. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ വരുന്ന ഇന്‍ഫൊര്‍മേഷനെ കുറിച്ച് മുന്‍ധാരണയുള്ള നവാസ് തന്റെ ബാഗ് പരിശോധിക്കാന്‍ സമ്മതം നല്‍കുകയായിരുന്നു.

കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ നവാസിന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അല്‍ റെസിന്റെ സന്ദേശം ലഭിച്ചു. ഇടത് പ്രൊഫൈലില്‍ നിന്ന് തന്റെ ഫോട്ടോയും മൂന്ന് സ്വര്‍ണ ഗോള്‍ഡ് ക്യാപ്‌സ്യൂളിന്റെ ഫോട്ടോയും വെച്ച് കടത്താരോപണത്തിന്റെ പോസ്റ്റ് വന്നിട്ടുണ്ടെന്നായിരുന്നു സന്ദേശം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ കഴിഞ്ഞ ശേഷം കമ്മ്യൂണിസ്റ്റ് സൈബര്‍ ആക്രമണം കൂടുതലാണെന്ന് പി കെ നവാസ് വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ പത്രസമ്മേളനം നടത്തിയതിന് ശേഷം തനിക്കെതിരെയുള്ള സകല കേസ് ഫയലും പോലീസ് തപ്പി നടക്കുകയാണെന്നും ഇപ്പോള്‍ കസ്റ്റംസും ഇറങ്ങിയിരിക്കുകയാണെന്നും നവാസ് പറഞ്ഞു. പിണറായി പോലീസ് ഭരിക്കുന്നത് ആര്‍എസ്എസ് ആയതുകൊണ്ട് കാര്യമില്ലെങ്കിലും സൈബര്‍ ആക്രമികള്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും പി കെ നവാസ് പറഞ്ഞു.

 

പി കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

UAE യിലെ KMCC പരിപാടികള്‍ കഴിഞ്ഞ് ഇന്ന് വൈകുന്നേരമാണ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ തിരിച്ചെത്തിയത്.
റാസല്‍ഖൈമ – കാലിക്കറ്റ് എയര്‍അറേബ്യ ഫ്ളൈറ്റില്‍ ആദ്യ റോ സീറ്റിയിലായിരുന്നു ഞാനിരുന്നത്. അത് കൊണ്ട് തന്നെ സ്വാഭാവികമായി ആദ്യം പുറത്ത് വന്നത് ഞാനായിരുന്നു.

കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസിലേക്ക് പ്രവേശിച്ചയുടനെ പെട്ടെന്ന് രണ്ടാളുകള്‍ വന്ന് പേര് ചോദിച്ചു; ഞാന്‍ പേര് പറഞ്ഞു. പാസ്സ്‌പോര്‍ട്ട് ചോദിച്ചു; പാസ്സ്‌പോര്‍ട്ട് കൊടുത്തു. പിന്നെ അവര്‍ കയ്യിലെഴുതിയ നമ്പറും എന്റെ പാസ്സ്‌പോര്‍ട്ട് നമ്പറും ഒത്ത് നോക്കി കുറച്ച് ചോദ്യങ്ങളായി, ഒന്ന് വെയ്റ്റ് ചെയ്യണമെന്നായി.
പിന്നീട് ചോദ്യ ശരങ്ങളായിരുന്നു,

എവിടെ പോയതാ..?? എന്തിന് പോയതാ..?? ഹാന്‍ഡ് ബാഗ് ഒന്ന് നോക്കട്ടെ..?? കാര്യമെന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍; അവിടം തര്‍ക്കമായി. ഞാന്‍ ഡെസിഗ്‌നേഷന്‍ പറഞ്ഞപ്പോ, അവര്‍ക്ക് തിരിഞ്ഞ് കളിയായി.
പിന്നീട് അതില്‍ ഒരാള്‍ പറഞ്ഞു; നിങ്ങളുടെ പേരില്‍ ഒരു ഇന്‍ഫര്‍മേഷന്‍ വന്നിട്ടുണ്ട്.. ഒന്ന് ചെക്ക് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്നായി. കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ വരുന്ന ഇന്‍ഫൊര്‍മേഷനെ കുറിച്ച് മുന്‍ധാരണ ഉള്ളതിനാല്‍, ചെക്ക് ചെയ്യാന്‍ ഞാനും പറഞ്ഞു.

കസ്റ്റംസിന്റെ സകല പരിശോധനയും കഴിഞ്ഞ് ‘എന്താപ്പം ഇങ്ങനെ’ എന്നാലോചിച്ച് പുറത്തിറങ്ങിയപ്പോഴാണ് msf സംസ്ഥാന സെക്രട്ടറി അല്‍ റെസിന്റെ ഒരു മെസേജ്. ഇടത് പ്രൊഫൈലില്‍ നിന്ന് എന്റെ ഫോട്ടോയും മൂന്ന് സ്വര്‍ണ ഗോള്‍ഡ് ക്യാപ്‌സ്യൂളിന്റെ ഫോട്ടോയും വെച്ച് കടത്താരോപണത്തിന്റെ പോസ്റ്റ് വന്നിട്ടുണ്ടെന്ന്..!
ഇപ്പൊ കാര്യങ്ങള്‍ ഏകദേശം റെഡിയായി വരുന്നുണ്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ കഴിഞ്ഞ ശേഷം കമ്മ്യൂണിസ്റ്റ് സൈബര്‍ വെട്ട് കിളികളുടെ ശല്യം കുറച്ച് കൂടുതലാണ്.

വെട്ടുക്കിളി സഖാക്കളോടാണ്.. ഒരു വര്‍ഷം മുമ്പ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ പത്രസമ്മേളനം നടത്തിയതിന് ശേഷം എനിക്കെതിരെയുള്ള സകല കേസ് ഫയലും പോലീസ് ഏമാന്മാര്‍ തപ്പി നോക്കിയിട്ട് ഒന്നും കിട്ടാതെ വിട്ട കേസാ.. ഇപ്പൊ ദാ കസ്റ്റംസും..! പിണറായി പോലീസ് ഭരിക്കുന്നത് RSS ആയത് കൊണ്ട് കാര്യമായൊരു കാര്യമില്ലെന്നറിയാം, എന്നാലും സൈബര്‍ വെട്ടുകിളികള്‍ക്കെതിരെ ഒരു പരാതി കൊടുത്തിടുന്നുണ്ട്.

_പികെ നവാസ്_

 

 

kerala

തിരുവനന്തപുരത്ത് ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍

കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് മാധ്യമങ്ങളോട് പറഞ്ഞു

Published

on

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം നേരിട്ടെന്ന പരാതിയുമായി ഭിന്നശേഷി വിദ്യാര്‍ത്ഥി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം നേരിട്ടത്.

എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദ്ദനമേറ്റ മുഹമ്മദ് അനസും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇവര്‍ മര്‍ദ്ദിക്കുകയായിരിന്നു എന്നും മുഹമ്മദ് അനസ് പറയുന്നു. കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് മാധ്യമങ്ങളോട് പറഞ്ഞു.

എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെ മുഹമ്മദ് അനസ് കന്റോന്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. യൂണിറ്റ് റൂമില്‍ എത്തിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നാണ് പരാതി. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി.

 

 

 

 

 

Continue Reading

kerala

എ കെ ജി സെന്ററിലാണ് കുറുവാ സംഘത്തിന് സമാനമായ ആളുകള്‍: വി.ഡി സതീശന്‍

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നുമുള്ള സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കേരളം കൊള്ളയടിക്കുന്നവരൊക്കെ പാലക്കാട് ജില്ലാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയത്. സി.പി.എം ജീര്‍ണതയെ നേരിടുകയാണ്. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്നും സതീശന്‍ വ്യക്തമാക്കി.

ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ നിലവില്‍ എത്ര ജില്ലാ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു; വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ല

നാളെ മുതൽ ഒരു ജില്ലകളിലും പ്രത്യേകം മഴ മുന്നറിയിപ്പുകളില്ല

Published

on

സംസ്ഥാനത്ത് അതിതീവ്ര മഴ ഒഴിയുന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം നിലവിൽ ഒരു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. നാളെ മുതൽ ഒരു ജില്ലകളിലും പ്രത്യേകം മഴ മുന്നറിയിപ്പുകളില്ല.

വടക്കൻ തമിഴ്‌നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്കൻ കേരളത്തിന് മുകളിലൂടെ സഞ്ചരിച്ച് കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തികൂടിയ ന്യൂനമർദമായി മാറിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Continue Reading

Trending