മുനമ്പം വഖഫ് ഭൂമി വിഷയത്തിലെ ജുഡീഷ്യല്‍ കമീഷന്‍ നിയമനത്തില്‍ സര്‍ക്കാറിന് തിരിച്ചടി. മുനമ്പത്ത് ജുഡീഷ്യല്‍ കമീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈകോടതി റദ്ദാക്കി. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, കമ്മീഷനെ വെച്ചപ്പോള്‍ തന്നെ ആശങ്ക അറിയിച്ചതാണെന്നും അത് ശരിയാണെന്ന് കോടതി ഉത്തരവോടെ വ്യക്തമായെന്നും മുനമ്പം സമരസമിതി. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കമ്മീഷനുമായി സഹകരിച്ചത്. സര്‍ക്കാര്‍ സര്‍ക്കാരിനുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂ ഉടമകള്‍ക്ക് തിരികെ നല്‍കണമെന്നും സമരമസമിതി ആവശ്യപ്പെട്ടു.
കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാല്‍ മനസിരുത്തിയല്ല സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാകും എന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു.