X

സര്‍ക്കാറിന് തിരിച്ചടി; പ്രീ പ്രൈമറി ജീവനക്കാരുടെ ശമ്പളം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

അനീഷ് ചാലിയാര്‍

പാലക്കാട്: പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും ശമ്പളം നല്‍കാതെ കരാര്‍ ജീവനക്കാരാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി തടഞ്ഞുവെച്ച രണ്ട് മാസത്തെ വേതനം ഉടന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി. അധ്യാപികമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.ജോര്‍ജ് പൂന്തോട്ടം ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായി. കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും.

പത്ത് വര്‍ഷത്തോളമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്തുവരുന്ന പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് കരാര്‍ അംഗീകരിക്കാതെ വേതനം നല്‍കില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും വേതനം ഉടന്‍ നല്‍കണമെന്നുമാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉത്തരവിട്ടത്.

സ്പാര്‍ക്ക് അപ്ഡേഷന്റെ ഭാഗമായി ഓരോ ജീവനക്കാരെന്റെയും വിടുതല്‍ കാലയളവ് (ടെര്‍മിനേഷന്‍ പിരീഡ്) ചേര്‍ക്കണമെന്ന് ധനകാര്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് 34 വര്‍ഷം വരെ സര്‍വീസുള്ള പ്രീ പ്രൈമറി അധ്യാപികമാരെയും ആയമാരെയും ഒരു വര്‍ഷ കരാറുകരാക്കാന്‍ വിദ്യാഭ്യസ വകുപ്പ് നടപടി തുടങ്ങിയത്. കരാര്‍ കലാവാധി 2023 മാര്‍ച്ച് 31 ആക്കി നിശ്ചയിച്ച് അധ്യാപകിമാരെക്കൊണ്ടും ആയമാരെക്കൊണ്ടും സമ്മത പത്രം എഴുതി വാങ്ങിക്കാന്‍ എ.ഇ.ഒ മാര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇങ്ങനെ വന്നാല്‍ പതിറ്റാണ്ടുകളായി സ്ഥിരപ്പെടുമെന്നും പെന്‍ഷന്‍ കിട്ടുമെന്നും പ്രതീക്ഷിച്ച് തുച്ഛമായ വേതനത്തിന് ജോലി ചെയ്തു വന്നിരുന്ന ജീവനക്കാര്‍ അടുത്ത മാര്‍ച്ച് 31 ന് പുറത്തു പോകേണ്ടി വരും. അടുത്ത അധ്യയന വര്‍ഷം കരാര്‍ പുതുക്കിക്കിട്ടുന്നവര്‍ക്ക് മാത്രമേ പിന്നീട് ജോലിയില്‍ തിരികെ പ്രവേശിക്കാനാവൂ. അര്‍ഹമായ സേവന- വേതന വ്യവസ്ഥകള്‍ അംഗീകരിച്ചു നല്‍കണമെന്ന ഹൈക്കോടതിയുടെ നേരത്തെയുള്ള നിര്‍ദേശം നടപ്പിലാക്കാതിരിക്കാനും 60 വയസ്സു കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കാതിരിക്കുകയുമൊക്കെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കരാര്‍ നീക്കവുമായി മുന്നോട്ട് പോയിരുന്നത്.

ഇതിനെതിരെ പ്രീ പ്രൈമറി ജീവനക്കാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഓണറേറിയം സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. കരാറുണ്ടാക്കിയാല്ലെങ്കില്‍ വേതനമില്ലെന്ന നിലപാടായിരുന്നു സര്‍ക്കാറിന്. ഇതോടെ സംസ്ഥാനത്തെ 4827 പ്രീ പ്രൈമറി ജീവനക്കാര്‍ വേതനമില്ലാതെ ദുരിതത്തിലായി.സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അധ്യാപികമരായ കാമാക്ഷി കുട്ടി. കെ.പി, സുമതി. എസ്, സുമതി. എം.ജെ,രേണുക. കെ, മിനിമോള്‍.എല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

Test User: