ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ ഉള്‍പ്പെടെ 4 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ യെയ്സ്‌കുല്‍ എം.എല്‍.എ ഇലങ്ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോല്‍സെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഇംഫാലിലെ കോണ്‍ഗ്രസ് ഭവനില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് ഇവര്‍ കൂറുമാറ്റ പ്രഖ്യാപനം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. അംഗോംച ബിമോല്‍ അകോയിജം പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ മണിപ്പൂരിന്റെ ക്ഷേമത്തോടുള്ള ആത്മാര്‍ഥമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. അകോയിജം വ്യക്തമാക്കി.
‘ മണിപ്പൂരിന് അഖണ്ഡതക്കായി നിലകൊണ്ടതിന്റെ സമ്പന്നമായ ചരിത്രമുണ്ട്. എന്നാല്‍ മണിപ്പൂരിന്റെ സത്ത നേര്‍പ്പിക്കുന്ന ഒരു നിര്‍ണായക ഘട്ടത്തിലാണ് നാമിപ്പോള്‍. മണിപ്പൂരിന്റെ അഖണ്ഡതയെ ഭീഷണിപ്പെടുത്തുന്ന ഏത് ശക്തികളില്‍ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കേണ്ടതിന് ഓരോ പൗരനും അത്യന്താപേക്ഷിതമാണ്’ – അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സ്വന്തം ഭൂമിയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് നിയന്ത്രണമുള്ള സാഹചര്യം നിലനില്‍ക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.