ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 350ലേറെ സീറ്റുകള്‍ നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വോട്ടെണ്ണല്‍ ദിനത്തില്‍ തകര്‍ന്നതിനൊപ്പം സ്ഥാനാര്‍ഥികളുടെ വിദ്വേഷനീക്കങ്ങളും പരാമര്‍ശങ്ങളും വിവിധയിടങ്ങളില്‍ ബിജെപിക്കേകിയത് വന്‍ തിരിച്ചടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും റാലികള്‍ക്കിടയിലും വിദ്വേഷ പരാമര്‍ശങ്ങളും നീക്കങ്ങളുമുള്‍പ്പെടെ നടത്തിയ മൂന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. തെലങ്കാനയിലെ ഹൈദരാബാദ്, മഹാരാഷ്ട്രയിലെ അമരാവതി, പഞ്ചാബിലെ ഫരീദ്‌കോട്ട് എന്നീ സീറ്റുകളിലെ സ്ഥാനാര്‍ഥികളാണ് തോറ്റത്.
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയിലേക്ക് സാങ്കല്‍പ്പിക അമ്പെയ്യുകയും വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീ വോട്ടര്‍മാരെ നിഖാബും ബുര്‍ഖയും ഉയര്‍ത്തി പരിശോധിക്കുകയും ചെയ്ത നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കൊമ്പെല്ല മാധവി ലതയാണ് ഹൈദരാബാദില്‍ വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടത്. ഇവിടെ എഐഎംഐഎം സ്ഥാനാര്‍ഥി അസദുദ്ദീന്‍ ഉവൈസി 3.3 ലക്ഷം വോട്ടുകള്‍ക്കാണ് മാധവി ലതയെ തോല്‍പ്പിച്ചത്. ഉവൈസി 6,61,981 വോട്ടുകള്‍ നേടിയപ്പോള്‍ മാധവി ലതയ്ക്ക് കിട്ടിയത് 3,23,894 വോട്ടുകളാണ്.
പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്ത സംഭവത്തില്‍ മാധവി ലതയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ശോഭയാത്രയ്ക്കിടെ കല്ലേറുള്‍പ്പെടെ ഭയന്ന് വെള്ളത്തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് മാധവി ലത സാങ്കല്‍പ്പിക അമ്പെയ്യുന്ന വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 295 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ബീ?ഗംബസാര്‍ പൊലീസാണ് കേസെടുത്തത്.
അസംപൂരിലെ പോളിങ് ബൂത്തിലെത്തിയാണ് മാധവി ലത വോട്ട് ചെയ്യാന്‍ കാത്തുനിന്ന മുസ്ലിം സ്ത്രീകളുടെ ഐ.ഡി പരിശോധിക്കുകയും ദേഹപരിശോധന നടത്തുകയും ബുര്‍ഖ അഴിപ്പിക്കുകയും ചെയ്തത്. ഇതില്‍ ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 171 സി, 186, 505 (1) (സി), ജനപ്രാതിനിധ്യ നിയമത്തിലെ 132 എന്നീ വകുപ്പുകള്‍ പ്രകാരം മലക്പേട്ട് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ എഐഎംഐ എം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്‍ശം നടത്തിയ മഹാരാഷ്ട്ര അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ നവ്‌നീത് സിങ് റാണയാണ് തോറ്റമ്പിയ മറ്റൊരാള്‍. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ബല്‍വന്ത് ബസ്വന്ത് വാങ്കഡെയാണ് വിജയിച്ചത്. 19,731 വോട്ടുകള്‍ക്കാണ് ബല്‍വന്ത് വാങ്കഡെ നവ്നീത് റാണയെ പരാജയപ്പെടുത്തിയത്. ബല്‍വന്ത് 5,26,271 വോട്ടുകള്‍ നേടിയപ്പോള്‍ നവ്നീതിന്റെ വോട്ടെണ്ണം 5,06,540ല്‍ ഒതുങ്ങി.
കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ ആ വോട്ടുകള്‍ നേരിട്ട് പാകിസ്താനിലേക്ക് പോവുമെന്നായിരുന്നു കൗറിന്റെ വാദം. ‘പാകിസ്താന് എഐഎംഐഎമ്മിനോടും രാഹുലിനോടും സ്‌നേഹമാണ്.
പാകിസ്താനില്‍ നിന്നുള്ള സിഗ്‌നലുകള്‍ അനുസരിച്ച് രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ പോലെ. ഹൈദരാബാദ് പാകിസ്താനായി മാറുന്നത് ബിജെപി സ്ഥാനാര്‍ഥി മാധവി ലത തടയും’- എന്നും നവ്‌നീത് പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ നവ്‌നീത് റാണയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
പഞ്ചാബില്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയ ഹന്‍സ് രാജ് ഹന്‍സാണ് പരാജയപ്പെട്ട മറ്റൊരു ബിജെപി സ്ഥാനാര്‍ഥി. പത്മശ്രീ പുരസ്‌കാര ജേതാവായ ഇയാള്‍ ഫരീദ്‌കോട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ സരബ്ജീത് സിങ് ഖല്‍സയാണ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ആം ആദ്മി പാര്‍ട്ടിയുടെ കരംജിത് സിങ് അന്‍മോല്‍ ആണ് രണ്ടാമതെത്തിയത്. 2,98,062 വോട്ടുകള്‍ നേടിയ സ്വതന്ത്ര സ്ഥാനാര്‍ഥി 70,053 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ഭീഷണിക്കെതിരായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പരാതിയില്‍ ഹന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ഹന്‍സ് കര്‍ഷകരെ ഭീഷണിപ്പെടുത്തിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തന്നെ എതിര്‍ക്കുന്നവരെ ജൂണ്‍ ഒന്നിന് ശേഷം കൈകാര്യം ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പുറമെ ഹന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടിയും കമ്മീഷന് പരാതി നല്‍കിയിരുന്നു. ഹന്‍സ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാനിയമവും ലംഘിച്ചെന്ന് ആപ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കാലത്തെ പ്രധാനമന്ത്രി ആദ്യ വിദ്വേഷ പ്രസം?ഗം നടത്തിയ രാജസ്ഥാനിലെ ബന്‍സ്വാരയിലും ബിജെപി വമ്പന്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. രാജസ്ഥാനില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ബന്‍സ്വാര. ഇവിടെ ബിജെപി നേതാവ് മഹേന്ദ്രജിത് സിങ് മാളവ്യയെ പ്രാദേശിക പാര്‍ട്ടിയായ ഭാരത് ആദിവാസി പാര്‍ട്ടിയുടെ യുവനേതാവ് രാജ്കുമാര്‍ റാവത്ത് ആണ് തറപറ്റിച്ചത്. അതും രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാജ്കുമാറിനെ പിന്തുണയ്ക്കുകയായിരുന്നു ഇവിടെ കോണ്‍ഗ്രസ്. 8,20,831 വോട്ടാണ് രാജ്കുമാര്‍ നേടിയത്. മഹേന്ദ്രജിത് സിങ്ങിനെതിരെ 2,47,054 വോട്ടിന്റെ ഭൂരിപക്ഷം. 5,73,777 വോട്ടാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ഇത്തവണ ലഭിച്ചത്.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തുന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. എന്‍ഡിഎ 350ലേറെ സീറ്റുകള്‍ നേടുമെന്നായിരുന്നു മിക്ക പ്രവചനങ്ങളും. എന്നാല്‍ 300 സീറ്റുകള്‍ പോലും നേടാന്‍ മുന്നണിക്കായില്ല. 292 സീറ്റുകളാണ് നേടിയത്. മറുവശത്ത് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഞെട്ടിക്കുന്ന കുതിപ്പാണ് നടത്തിയത്. 100-180 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ 234 സീറ്റുകളാണ് മുന്നണി നേടിയത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 100 സീറ്റുകളും സ്വന്തമാക്കി.