X

പെരിന്തല്‍മണ്ണയില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലെ തിരിച്ചടി; ചര്‍ച്ചയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്ചടക്ക നടപടി നേരിട്ട നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷനായ കെ. ഉണ്ണികൃഷ്ണന്റെ പോസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. പെരിന്തല്‍മണ്ണയില്‍ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞതോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ അച്ചടക്ക നടപടി ഓര്‍മിപ്പിച്ച് സിപിഎം നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ. ‘പാര്‍ട്ടി നടപടിക്ക് വിധേയമാകേണ്ടവരുടെ എണ്ണം ഹോ …’ എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് പലരും താഴെ കമന്റും രേഖപ്പെടുത്തി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ സിപിഎം കോട്ടകളിലെ വിള്ളല്‍ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.എം. മുസ്തഫയ് ക്ക് വോട്ട് കുറഞ്ഞതിന്റെ പേരില്‍ 5 പേര്‍ക്കെതിരെയുണ്ടായ നടപടിയും പുതിയ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. അന്ന് 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം വിജയിച്ചത്. ഇതേ തുടര്‍ന്നാണ് പ്രചാരണ രംഗത്ത് സജീവമായില്ലെന്ന പേരില്‍ 2 സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 5 പേര്‍ നടപടി നേരിട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ഉടനെ അന്ന് പാര്‍ട്ടി നടപടി നേരിട്ടവരില്‍ നിലവിലെ നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷനായ കെ. ഉണ്ണികൃഷ്ണന്റെ പോസ്റ്റും പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്ക് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്തു. അന്ന് ഏരിയ കമ്മിറ്റ് അംഗമായിരുന്ന കെ.ഉണ്ണിക്കൃഷ്ണനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇ.ടി. മുഹമ്മദ് ബഷീറിന് പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നിന്ന് ഇത്തവണ ലഭിച്ച 26799 വോട്ടിന്റെ ലീഡില്‍ 14959 വോട്ടും എല്‍ഡിഎഫ് ഭരിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭ, മേലാറ്റൂര്‍, താഴെക്കോട്, പുലാമന്തോള്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.

തിരഞ്ഞെടുപ്പുകളില്‍ സിപിഎ മ്മിന് ഭൂരിപക്ഷം ഉറപ്പാക്കാറുള്ള ഏലംകുളം പഞ്ചായത്തില്‍നിന്ന് ഇ.ടിക്ക് 1029 വോട്ടിന്റെ ലീഡ് ലഭിച്ചു. മാത്രമല്ല നിയോജക മണ്ഡലത്തില്‍ ഇ.ടിക്ക് 857 എന്ന ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും ഇ.എം.എസിന്റെ നാട്ടിലെ ബൂത്തില്‍ നിന്നാണ്.

നിയോജക മണ്ഡലത്തില്‍ നിന്ന് ഇത്തവണ യുഡിഎഫിന് കൂടുതല്‍ ലീഡ് നല്‍കിയത് സിപിഎം ഭരിക്കുന്ന താഴെക്കോട് പഞ്ചായത്താണ്. (6338 വോട്ട്). നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 46.18 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ വി.വസിഫിന് 37.44 ശതമാനം വോട്ടാണ് ലഭിച്ചത്. സിപിഎമ്മിന് ന് 10 % ത്തോളം വോട്ട് ചോര്‍ച്ച ഉണ്ടായി.

webdesk13: