X

കേരളത്തില്‍ നടക്കുന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേള; രമേശ് ചെന്നിത്തല

മലപ്പുറം: ഭരണഘടനാ തത്വങ്ങളെയും സുപ്രീംകോടതി വിധിയേയും കാറ്റി പറത്തിക്കൊണ്ട് നൂറുകണക്കിനാളുകളെ പിന്‍വാതില്‍ വഴി നിയമിക്കുകയും അങ്ങനെ നിയമിച്ചവരെ സ്ഥിപ്പെടുത്തുകയും ചെയ്യുകയും ചെയ്യുന്ന അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. സി.ഡിറ്റില്‍ 114 പേരെയാണ് കഴിഞ്ഞ ദിവസം സ്ഥിരപ്പെടുത്തിയത്. കെല്‍ട്രോള്‍, കില, വ്യവസായ വകുപ്പില്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, മത്സ്യഫെഡ്, മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, സാക്ഷരതാ മിഷന്‍, തുടങ്ങിയ എല്ലായിടത്തും മത്സരിച്ച് സ്ഥിരപ്പെടുത്തല്‍ നടക്കുകയാണ്. നിയമവിരുദ്ധമാണെന്ന വകുപ്പു സെക്രട്ടറിമാരുടെ എതിര്‍പ്പ് മറി കടന്നാണ് മന്ത്രിസഭ ഈ സ്ഥിരപ്പെടുത്തല്‍ നടത്തുന്നത്. സംസ്‌കൃത സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍നിയമനം നല്‍കിയത് മുന്‍ എം.പി. എം.ബി. രാജേഷിന്റെ ഭാര്യയെയാണ്. ലിസ്റ്റ് അട്ടിമറിച്ചാണ് ഈ നിയമനം നടത്തിയെന്ന് ആ ഇന്റര്‍വ്യൂവില്‍ സബ്ജര്റ് എക്സ്പെര്‍ട്ടുമാരായി പങ്കെടുക്കുന്ന മുന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ ഫേസ് ബുക്ക് പോസ്റ്റിട്ടു. മറ്റ് രണ്ടുപേര്‍ വി.സി.യ്ക്ക് പരാതി നല്‍കി. യോഗ്യരായവരെ തഴഞ്ഞ് പാര്‍ട്ടി ബന്ധുക്കള്‍ക്കും നേതാക്കളുടെ ബന്ധുക്കള്‍ക്കും നിയമനം നല്കുകയാണ്. സി.പി.എം. നേതാക്കളുടെ ഭാര്യമാര്‍ക്കെല്ലാം യൂണിവേഴ്സിറ്റികളില്‍ നിയമനം നല്‍കുകയാണ്. നേരത്തെ എം.എന്‍.ഷംസീറിന്റെ ഭാര്യയെ കണ്ണൂരും കോഴിക്കോട്ടും ചട്ടങ്ങള്‍ ലംഘിച്ച് നിയമിക്കാന്‍ ശ്രമം നടന്നു. കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമനം നല്‍കി. പി.കെ. ബിജുവിന്റെ ഭാര്യയ്ക്ക് കേരള സര്‍വ്വകലാശാലയില്‍ നിയമനം നല്‍കിയതും വിവാദമായിരുന്നു. കിലയില്‍ ബന്ധുനിയമനങ്ങളുടെ മേള തന്നെയാണ് നടക്കുന്നത്. പി.എസ്.സി.യ്ക്ക് വിടാത്ത സ്ഥാപനങ്ങളില്‍ അവിടത്തെ ഭരണപരമായ പ്രവര്‍ത്തികള്‍ സുഗമമാക്കാനാണ് താത്ക്കാലിക നിയമനങ്ങള്‍ നടത്തുന്നത് എന്നണ് മുഖ്യമന്ത്രി പറയുന്നത്. അത് തെറ്റാണ്. മുഖ്യമന്ത്രി അസത്യം പറയുന്നു. പി.എസ്.സി.യ്ക്ക് വിട്ട സ്ഥാപനങ്ങളില്‍ തന്നെയാണ് താത്ക്കാലിക നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും നടക്കുന്നത്. സര്‍വ്വകലാശാലകളിലെ നിയമനം യു.ഡി.എഫ്. സര്‍ക്കാര്‍ പി.എസ്.സി.യ്ക്ക് വിട്ടതാണ്. മത്സ്യഫെഡും പി.എസ്.സി.ക്ക് വിട്ടതാണ്. അവിടെയെല്ലാം നിയമനമേള നടക്കുന്നു. നിയമനങ്ങള്‍ കൃത്യമായി പാലിച്ചാണ് നിയമനങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ ഈ നിയമനങ്ങള്‍ സംബനധിച്ച ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ചെന്നിത്തല വെല്ലുവിളിച്ചു. മാനുഷിക പരിഗണന നല്കിയാണ് സ്ഥിരപ്പെടുത്തുന്നതെന്ന് മന്ത്രി ഇ.പി. ജയരാജനും സി.പി.എം. ആക്ടിംഗ് സെക്രട്ടറി വിജയരാഘവനും പറയുന്നത്. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള പാവങ്ങളെ ചവിച്ചിമെതിക്കുമ്പോള്‍ മാനുഷിക പരിഗണന ഇല്ലേ? പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ജോലി ലഭിക്കാതെ കാരക്കോണത്ത് ആത്മഹത്യചെയ്ത അനുവിന്റെ കാര്യത്തില്‍ മാനുഷിക പരിഗണന ഇല്ലായിരുന്നല്ലോ. പി.എസ്.സി. വഴി റെക്കോര്‍ഡ് ആളുകള്‍ക്ക് ജോലി കൊടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പി.എസ്.സി. വഴി ഈ സര്‍ക്കാര്‍ ജോലി നല്‍കിയതായി മുഖ്യമന്ത്രി അവകാശപ്പെടുന്നത് 1,51,513 പേര്‍ക്കാണ്. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയത് 1,58,680 പേര്‍ക്കാണ്. യുഡിഎഫ് അധികാരത്തിലേറിയാല്‍ ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണ്. സുപ്രീംകോടതിയിലെ കേസില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കുന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഇപ്പോള്‍ എന്താണ്. യുവതികളെ പ്രവേശിപ്പിക്കാമോ, ഇല്ലയോ? ഇക്കാര്യത്തില്‍ വ്യകതമായ തീരുമാനം പറയണം. ശബരിമലയില്‍ ഇപ്പോഴെന്തു പ്രശ്നമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. നേരത്തെ അവിടെ പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. അത് ബി.ജെ.പി.യെ ശക്തിപ്പെടുത്തുന്നതിനാണ്. മന്ത്രിമാരുടെ അദാലത്തില്‍ കോവിഡ് പ്രോട്ടോക്കള്‍ ലംഘനമില്ല, ഐശ്വര്യ കേരളയാത്രയിലാണ് ലംഘനമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അല്പവും പാലിക്കാതെ മന്ത്രിമാരുടെ അദാലത്തുകളില്‍ ആയിരങ്ങള്‍ തടിച്ചുകൂടുന്നത് മാധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ കണ്ടതാണ്. ആരോഗ്യമന്ത്രി തളിപ്പറമ്പില്‍ നടത്തിയ അദാലത്തില്‍ തന്നെ ഒരു പ്രോട്ടോക്കോളും പാലിച്ചില്ല. പ്രോട്ടോക്കോള്‍ പാലിക്കാതെ അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് കോവിഡ് ബാധ പോലും ഉണ്ടായി. എന്നിട്ടും ഇത്ര ലജ്ജ ഇല്ലാതെ മുഖ്യമന്ത്രിക്ക് അസത്യം പറയാന്‍ എങ്ങനെ കഴിയുന്നു. നിയമനിര്‍മ്മാണം നടത്തി ആചാരങ്ങളെ സംരക്ഷിക്കാനുളള നടപടി യുഡിഎഫ് സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മുസ്ലിംലീഗിനെ സിപിഎം വിമര്‍ശിക്കുന്നതിന് പിന്നില്‍ വര്‍ഗീയമാണ്. ഞങ്ങള്‍ പാണക്കാട്ട് ചെന്ന് ചര്‍ച്ച നടത്തിയതിനെപ്പറ്റി വിജയരാഘവന്‍ പറഞ്ഞത് മതമൗലികവാദത്തെ ശക്തിപ്പെടുന്ന പ്രവര്‍ത്തി എന്നാണ്. അത് രാഷ്ട്രീയമല്ല. തനി വര്‍ഗ്ഗീയതയാണ്. മുസ്ലിംലീഗിനെ വര്‍ഗ്ഗീയമായി ആക്രമിക്കുകയും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയുമാണ് പിണറായിയും സി.പി.എമ്മും ചെയ്യുന്നത്. ബി.ജെ.പി.യുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ബി.ജെ.പി.യെപ്പോലും തോല്പിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വര്‍്ഗഗീയത് ഇളക്കിവിടുന്നത്. നാലു വോട്ടിനുവേണ്ടി വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ സി.പി.എം. പോലുള്ള ഒരു പാര്‍ട്ടി ശ്രമിക്കുന്നത് അവര്‍ക്ക് തന്നെ വിനയാകുമെന്നും മുസ്ലിംലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി അജയമോഹന്‍, കണ്‍വീനര്‍ അഡ്വ യുഎ ലത്തീഫ്, പി ഉബൈദുല്ല എംഎല്‍എ ജാഥാ സ്ഥിരാംഗങ്ങള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മലപ്പുറത്തെ പൗരപ്രമുഖകരുമായും പണ്ഡിതരുമായും അദ്ദേഹം സംവാദം നടത്തി.

 

web desk 1: