ബച്ചു മാഹി
സെന്‍കുമാറിന്റെ ഡി.ജി.പിക്കാലത്തെ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം എന്ന് ഇപ്പോള്‍ പലരും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം യുവാക്കള്‍ക്കെതിരെ നീതികരണമില്ലാതെ യു.എ.പി.എ ചുമത്തിയ സംഭവങ്ങള്‍. നല്ലത്.
സെന്‍കുമാര്‍ എത്രമാത്രം കൊടിയ വിഷം ആയിരുന്നു / ആണ് എന്ന് സ്വയം വെളിപ്പെടുത്തുമ്പോഴും, കേരളാ പൊലീസിലെ ആദ്യത്തെ സംഘിയല്ല അയാള്‍; അവസാനത്തേതും.
എം.എല്‍.എമാര്‍ ഉള്‍പ്പെടെ കേട്ട് സാക്ഷ്യം പറഞ്ഞ ‘ഐ വാണ്ട് ഡെഡ് ബോഡീസ് ഓഫ് മുസ്ലിം ബസ്റ്റാര്‍ഡ്‌സ്’ എന്ന് വയര്‍ലെസ്സിലൂടെ ആക്രോശിച്ച, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് വയസ്സുകാരി സിറാജുന്നിസയെ കൊന്നുതള്ളാന്‍ ഉത്തരവിട്ട അന്നത്തെ പാലക്കാട് ഐ.ജി രമണ്‍ ശ്രീവാസ്തവ എന്ന ഗോസായി സംഘി പിന്നീട് കേരള ഡി.ജി.പിയും സര്‍വീസില്‍ നിന്ന് വിരമിച്ചതില്‍പ്പിന്നെ, ഇപ്പോള്‍ ആഭ്യന്തരവകുപ്പ് ഉപേദേശിയുമാണ്.
ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ & കമ്പനിയെ രക്ഷിച്ചെടുക്കാന്‍ അവള്‍ക്ക് ലഷ്‌കര്‍ ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുത്ത മാന്യദേഹമാണ് ഇപ്പോഴത്തെ ഡി.ജി.പി ബെഹ്‌റ. ജനുവരി മൂന്നിന്റെ ഹര്‍ത്താലില്‍ സംഘികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി പോലീസിനെ വിന്യസിക്കാതിരുന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ ബാന്ധവങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നു.
പോലീസ് സേനയില്‍ അടിവേരുകള്‍ ആഴ്ത്തിയ ഹിന്ദുത്വ എലമെന്റ് മൂര്‍ത്തമായ ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ റിസീവിംഗ് എന്‍ഡില്‍ ഉള്ളത് സേനയിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലും വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്ത മുസ്ലിം, ദലിത് വിഭാഗങ്ങളും. വിവേചനം ഇല്ലാതാക്കാന്‍ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് (അഫിര്‍മേറ്റീവ് ആക്ഷന്‍) രാഷ്ട്രീയതലത്തില്‍ നടപടികള്‍ ആവശ്യമാണ്. കൂടാതെ, കഴിഞ്ഞ ഒരു മുപ്പത് വര്‍ഷത്തെയെങ്കിലും ഹിന്ദുത്വ ഡിറ്റാച്ച്ഡ് ആയ നീതിമതികളെക്കൊണ്ടുള്ള ഒരു ജുഡീഷ്യല്‍ ഓഡിറ്റ് അത്യന്താപേക്ഷിതമാണ് താനും. ഭാവിയിലെയും ഏതെങ്കിലും സമൂഹത്തോട് മുന്‍വിധിയോടെയുള്ള നീക്കങ്ങള്‍ക്ക് തടയിണ തീര്‍ക്കുകയും വേണം.
ഒരു ജനാധിപത്യക്രമത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും വിവേചനരഹിതമായ പൗരാവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള മിനിമം കാര്യങ്ങള്‍ ആണിവ. പക്ഷേ, സവര്‍ണ പ്രീണനം മാത്രം അജന്‍ഡയാക്കി വെച്ചിരിക്കുന്ന ഭരണപ്രതിപക്ഷക്കാരില്‍ നിന്ന് ഇവയൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല എന്ന ദുഃഖസത്യം അവശേഷിക്കുന്നു.