X

ഓവുചാലില്‍ നിന്ന് കരച്ചില്‍; പിഞ്ചു കുഞ്ഞിന് രക്ഷകയായി വീട്ടമ്മ, കുട്ടിയെ പുറത്തെടുക്കുന്ന വീഡിയോ പുറത്ത്

ഓവുചാലില്‍ നിന്ന് കരച്ചില്‍ കേട്ട് പുറത്തിറങ്ങി വീട്ടമ്മ പിഞ്ചുകുഞ്ഞിന് രക്ഷകയായി. ചെന്നൈ വലസരവക്കത്തുള്ള ഗീതയെന്ന യുവതിയാണ് ഓവുചാലില്‍ കിടന്ന കുഞ്ഞിന് രക്ഷകയായത്. വീട്ടില്‍ പാലു കൊണ്ടുവരുന്ന വ്യക്തിയാണ് ഗീതയെ സംഭവം വിളിച്ചറിയിച്ചത്.

കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്നതായി തോന്നിയ ഗീത ഓവുചാലില്‍ ഇറങ്ങി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഓവുചാല്‍ അടച്ചതായതിനാല്‍ കരച്ചില്‍ കോഴിക്കുഞ്ഞാകുമെന്നായിരുന്നു വീട്ടമ്മ ആദ്യം കരുതിയത്. എന്നാല്‍ ഓവുചാലില്‍ തപ്പി നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. പൊക്കിള്‍കൊടി പോലും മുറിച്ച് മാറ്റാത്ത ഒരു നവജാത ശിശു.

പൊക്കിള്‍കൊടി കുട്ടിയുടെ കഴുത്തിന് ചുറ്റും പിണഞ്ഞു കിടക്കുകയായിരുന്നു. നിര്‍ത്താതെ നിലവിളിച്ചു കൊണ്ടിരുന്ന ആ കുരുന്നിന്റെ കാലുകളില്‍ പിടിച്ച് അഴുക്ക്ചാലില്‍ നിന്ന് വലിച്ച് പുറത്തെടുത്തു. തുടര്‍ന്ന് കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരോട് വെള്ളം കൊണ്ടുവരാന്‍ ഗീത ആവശ്യപ്പെട്ടു. കഴുകി വൃത്തിയാക്കി പൊക്കിള്‍കൊടി മുറിച്ച ശേഷം ചെന്നൈ എഗ്മോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സക്കു ശേഷം കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വാതന്ത്ര്യം എന്നാണ് ഗീത കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ ലഭിച്ചതായതിനാലാണ് കുഞ്ഞിന് അത്തരത്തില്‍ പേരിട്ടതെന്ന് ഗീത പറഞ്ഞു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓവുചാലില്‍ വെള്ളമില്ലാത്തതിനാല്‍ കുഞ്ഞിനെ ജീവനോടെ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശിശുഭവനിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഓവുചാലില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുട്ടിയെ പുറത്തെത്തിക്കാന്‍ സനമനസ്സ് കാണിച്ച ഗീതയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തുവന്നു.

Watch Video: 

chandrika: