X
    Categories: More

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാന്‍ പറ്റില്ലെന്ന് പിതാവ്; ആസ്പത്രി അധികൃതരും ബന്ധുക്കളും വലഞ്ഞു

മുക്കം: നവജാത ശിശുവിന് അഞ്ച് നേരത്തെ ബാങ്കുവിളി കഴിയാതെ മാതാവിന്റെ മുലപ്പാല്‍ നല്‍കാന്‍ പറ്റില്ലെന്ന പിതാവിന്റെ പിടിവാശി ആസ്പത്രി അധികൃതരേയും ബന്ധുക്കളേയുമെല്ലാം കുഴക്കി. ബുധനാഴ്ച ഉച്ചയോടെ മുക്കത്തെ ഇ.എം.എസ് സഹകരണ ആസ്പത്രിയിലായിരുന്നു നാടകീയ നിമിഷങ്ങള്‍. ഓമശേരി സ്വദേശിയായ യുവാവാണ് അന്ധവിശ്വാസം മൂലം കുഞ്ഞിന്റെ ജീവന്‍ വെച്ച് പന്താടിയത്. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പിതാവ് സമ്മതിച്ചില്ല. അഞ്ച് നേരത്തെ ബാങ്ക് കഴിഞ്ഞേ കുഞ്ഞിന് മുലപ്പാല്‍ നല്‍കാവൂ എന്നും അതുവരെ മന്ത്രം ജപിച്ച വെള്ളം മതിയെന്നും ഒരു സിദ്ധന്‍ തന്നോട് പറഞ്ഞതായി യുവാവ് അറിയിച്ചു.

 
ഒരു ബാങ്കുവിളിയാണ് പതിവു രീതിയെന്നും ഇത് പ്രസവിച്ച ഉടനെ കുഞ്ഞിന്റെ ചെവിയില്‍ കേള്‍പ്പിച്ചാല്‍ മതിയെന്നും പലരും പറഞ്ഞുനോക്കിയെങ്കിലും യുവാവ് ചെവിക്കൊണ്ടില്ല. വ്യാഴാഴ്ച ഉച്ചബാങ്ക് കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാന്‍ പറ്റൂ എന്ന് ഇയാള്‍ ശാഠ്യം പിടിച്ചു. കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയറിലും പൊലീസിലും വിവരമറിയിച്ചു. എസ്.ഐ സലീം സംസാരിച്ചിട്ടും യുവാവ് വിശ്വാസത്തില്‍ ഉറച്ചുനിന്നു. കുഞ്ഞിന് വല്ലതും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ആസ്പത്രി അധികൃതര്‍ എഴുതിവാങ്ങിയതോടെയാണ് പ്രശ്‌നത്തിന് ശമനമായത്.

chandrika: