വാഷിംങ്ടണ്‍; കാറിന്റെ ചില്ല് പൊട്ടിക്കാന്‍ പിതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന് ദാരുണാന്ത്യം. കാറിനകത്ത് താക്കോല്‍ മറന്നു വച്ചതിനെ തുടര്‍ന്ന് ഒരു വയസുകാരി കാറില്‍ കുടുങ്ങുകയായിരുന്നു. വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ പിതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. അമേരിക്കയിലെ ലാസ് വേഗാസിലാണ് സംഭവം.
നിസാന്‍ അള്‍ട്ടിമ കാറിലാണ് കുട്ടി കുടുങ്ങിയത്. കാറിനകത്ത് കീ മറന്ന വച്ചെന്നും ഗ്ലാസ് തുറക്കാന്‍ ഉടനെ മെക്കാനിക്കിനെ വിളിക്കണമെന്നും സിഡ്‌നി ഡീല്‍ തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മെക്കാനിക്ക് ആവശ്യപ്പെട്ട പണം നല്‍കാന്‍ സിഡ്‌നി തയ്യാറായില്ല. കുട്ടി കാറിനകത്തിരുന്ന് ഉറങ്ങുകയാണെന്നും എയര്‍കണ്ടീഷന്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും പറയുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കാറിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ ചില്ലുകള്‍ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പൊലീസ് സിഡ്‌നിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പുതിയ കാറാണ് ഇതെന്നും ചില്ലുകള്‍ പൊട്ടിച്ചാല്‍ അത് നന്നാക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ചു വിന്‍ഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് സിഡ്‌നി ഡീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.