കോഴിക്കോട്: അനശ്വര സംഗീതസംവിധായകന്‍ എം.എസ് ബാബുരാജിന്റെ പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ച് ചില സംഘടനകള്‍ പണപ്പിരിവ് നടത്തുന്നതായി മകന്‍ ജബ്ബാര്‍ ബാബുരാജ്. ബാബുരാജിന്റെ കുടുംബത്തെ അറിയിക്കാതെയും അനുസ്മരണസമിതിയുമായി ബന്ധപ്പെടാതെയുമാണ് പലരും പരിപാടി നടത്തുന്നത്. സ്വന്തം കീശ വീര്‍പ്പിക്കാന്‍ വേണ്ടി ബാബുരാജിന്റെ പേര് ദുരുപയോഗം ചെയ്ത് ചടങ്ങുകള്‍ നടത്തുന്നതെന്ന് ജബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബാബുരാജിന്റെ ചരമദിനമായ ഒക്‌ടോബര്‍ ഏഴിന് ഇത്തവണ ചിലര്‍ നടത്തുന്ന അനുസ്മരണപരിപാടിയെക്കുറിച്ച് കുടുംബത്തെ സംഘാടകര്‍ വിവരം ധരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ബാബുരാജ് അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 38മത് അനുസ്മരണ സമ്മേളനം ഈ മാസം 14ന് വൈകീട്ട് അഞ്ച് മണിയ്ക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ബാബുരാജ് സ്മാരക പുരസ്‌കാരം പഴയകാല ഗായിക പി. സുശീല ദേവിക്ക് ബാബുരാജിന്റെ ഭാര്യ ബിച്ച സമ്മാനിക്കും. ചടങ്ങില്‍ പഴയകാല കലാകാരന്‍മാരെ ആദരിക്കും. അനുസ്മരണ സമ്മേളനം ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ബാബുരാജ് അനുസ്മരണപ്രഭാഷണം സംവിധായകന്‍ വയലാര്‍ മാധവന്‍കുട്ടി നിര്‍വ്വഹിക്കും. തുടര്‍ന്ന് ജബ്ബാര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ ‘പാമരനാം പാട്ടുകാരന്‍’ എന്ന പേരില്‍ ഗാനസന്ധ്യയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ എം.എസ് മെഹ്‌റൂഫ്, പി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.