X

ബാബു വധം: നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് തിരിച്ചറിഞ്ഞു

കണ്ണൂര്‍: മാഹിയില്‍ ഇന്നലെ രാത്രി സി.പി.എം പ്രവര്‍ത്തകനായ ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താന്‍ രാജേഷ്, മഗ്‌നീഷ്, കാരക്കുന്നില്‍ സുനി എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരെല്ലാം നേരത്തേയും ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ബാബു വധം ആസൂത്രണം ചെയ്തത് ആര്‍.എസ്.എസ് പ്രാദേശിക നേതാവ് നിത്യാനന്ദന്‍ ആണെന്ന് സി.പി.എം ആരോപിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. മാഹിയില്‍ വച്ചാണ് ബാബു കൊല്ലപ്പെട്ടത് എന്നതിനാല്‍ പുതുച്ചേരി പൊലീസിന് കീഴിലുള്ള മാഹി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇന്നലെ തന്നെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമോജും മാഹി സ്വദേശിയാണെങ്കിലും ഇയാളെ കൊലപ്പെടുത്തിയത് കേരളത്തില്‍ വച്ചാണ് എന്നതിനാല്‍ ഇയാളുടെ കൊലപാതകം കേരള പൊലീസിന് കീഴിലുള്ള ന്യൂമാഹി പൊലീസാണ് അന്വേഷിക്കുന്നത്.

എട്ട് പേരടങ്ങിയ സംഘമാണ് ഷമോജിനെ കൊന്നതെന്നാണ് പോലീസ് സംഘം പറയുന്നത്. ബാബു കൊല്ലപ്പെട്ടതിന് പ്രതികാരം എന്ന നിലയില്‍ പ്രദേശവാസികളായ സി.പി.എമ്മുകാര്‍ ഷമോജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിന് സി.സി.ടി.വികള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ബാബുവിന്റെ കൊലക്കു പിന്നില്‍ പത്തംഗസംഘമാണെന്ന് മാഹി എസ്.ഐ. ബി വിബല്‍കുമാര്‍ പറഞ്ഞു. ബാബുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

chandrika: