ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന സുപ്രീംകോടതി നിരീക്ഷണം നീതിക്കുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പില്‍ പ്രതീക്ഷയുടെ നേര്‍ത്ത വെളിച്ചമാണ്. അധികാരവും സ്വാധീനവും ഉപയോഗിച്ച് കറുത്ത സത്യങ്ങളെ മൂടിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ പരമോന്നത നീതിപീഠത്തിന്റെ ഈ ഇടപെടല്‍ ഒരുപക്ഷേ സഹായകമായേക്കും.
1992 ഡിസംബര്‍ ആറിന് നടന്ന ബാബരി മസ്ജിദ് തകര്‍ച്ച ആകസ്മികമോ, കര്‍സേവകരുടെ പെട്ടെന്നുള്ള പ്രകോപനമോ ആയിരുന്നില്ലെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. മാസങ്ങള്‍ക്കു മുമ്പേ തന്നെ ഇതിനായി വിവിധ തലങ്ങളില്‍ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും നടന്നുവെന്നതിന് ഒട്ടേറെ തെളിവുകള്‍ പുറത്തു വരികയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബാബരി മസ്ജിദ് തകര്‍ച്ചയിലേക്ക് നയിച്ച രഥയാത്രക്ക് നേതൃത്വം നല്‍കിയ എല്‍.കെ അദ്വാനിയേയും മറ്റ് 16 പേരേയും പ്രതിചേര്‍ത്ത് ഗൂഢാലോചനാ കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ഘട്ടത്തില്‍ ബാബരി തകര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് വിചാരണക്കോടതി നിര്‍ദേശപ്രകാരം ഗുഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിന്നീട് അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍സിങ്, വിനയ് കത്യാര്‍ തുടങ്ങി 13പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ ബാല്‍താക്കറെയെ പിന്നീട് മരണത്തെതുടര്‍ന്ന് പ്രതിപ്പട്ടികയില്‍നിന്ന് നീക്കി. ശേഷിച്ച 12 പേരെ സാങ്കേതിക കാരണങ്ങളാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി റായ്ബറേലി വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു.
ബാബരി മസ്ജിദ് തകര്‍ച്ച കര്‍സേവകരുടെ പെട്ടെന്നുള്ള പ്രകോപനത്തെതുടര്‍ന്ന് സംഭവിച്ചതാണെന്ന വാദമാണ് ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ ഗൂഢാലോചനാ കേസ് നിരസിക്കുന്നതിനു വേണ്ടി ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് മുന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്ന മലോയ് കൃഷ്ണ ധാറിന്റെ 2005ല്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. ആര്‍.എസ്.എസ്-ബി.ജെ.പി-വി.എച്ച്.പി-ബജ്‌റംഗദള്‍ നേതൃത്വം 10 മാസത്തിലധികം നടത്തിയ ഗൂഢാലോചനയുടേയും ആസൂത്രണത്തിന്റേയും ഫലമായിരുന്നു ബാബരി മസ്ജിദ് തകര്‍ച്ചയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ‘പ്രളയ നൃത്ത’ (നശീകരണ താണ്ഡവം) എന്നായിരുന്നു സംഘ് നേതൃത്വം ഓപ്പറേഷന് പേര് നല്‍കിയതെന്നും പുസ്തകം പരാമര്‍ശിച്ചിരുന്നു. 2014ല്‍ കോബ്ര പോസ്റ്റ് നടത്തിയ ഒളികാമറാ ഓപ്പറേഷനിലും ബാബരി മസ്ജിദ് തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചന സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഗൂഢാലോചന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഉണ്ടായിരുന്നു. 16 വര്‍ഷത്തെ കാത്തിരിപ്പിനും 399 സിറ്റുങുകള്‍ക്കും ശേഷം 2009 ജൂണ്‍ 30നാണ് ലിബര്‍ഹാന്‍ കമ്മീഷന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് 1029 പേജ് വരുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഗൂഢാലോചന കേസ് നിലനില്‍ക്കില്ലെന്ന റായ്ബറേലി കോടതി വിധിയോടെ ഇതു സംബന്ധിച്ച അന്വേഷണങ്ങളും പ്രോസിക്യൂഷന്‍ നടപടികളും നിലക്കുകയായിരുന്നു. 2010ല്‍ റായ്ബറേലി കോടതി വിധി അലഹാബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. വളരെ വൈകി മാത്രമാണ് ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. എങ്കിലും കേസ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന സുപ്രീംകോടതി പരാമര്‍ശമുണ്ടായത് തുടര്‍ന്നുള്ള നിയമ നടപടികളില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 22ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഗൂഢാലോചനാ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്. കേസ് പുനഃസ്ഥാപിക്കുകയാണെങ്കില്‍ എല്‍.കെ അദ്വാനിയും മുരളീ മനോജര്‍ ജോഷിയും ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും ക്രമിനല്‍ ഗൂഢാലോചനാ കേസില്‍ പ്രതികളാവുകയും വിചാരണ നേരിടേണ്ടി വരികയും ചെയ്യും.