ഡല്‍ഹി: 1992 ലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ കേസില്‍ വിധി പറയാന്‍ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയുടെ സമയപരിധി സെപ്റ്റംബര്‍ 30 വരെ സുപ്രീം കോടതി നീട്ടി.
സ്‌പെഷ്യല്‍ ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവിന്റെ റിപ്പോര്‍ട്ട് വായിച്ച ശേഷം, നടപടികള്‍ അവസാനിച്ചുവെന്ന് കണക്കിലെടുത്ത്, വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമാണ് സുപ്രിം കോടതി അനുവദിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ അവസാനിപ്പിക്കാന്‍ ആഗസ്റ്റ് 31 ന് സുപ്രിം കോടതി സമയപരിധി നിശ്ചയിച്ചിരുന്നു.
കേസില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, ബിജെപി നേതാക്കള്‍ എം എം ജോഷി എന്നിവരുള്‍പ്പെടെ 32 പ്രതികളാണ് ഉള്ളത്. ബിജെപി നേതൃത്വത്തില്‍ നിന്ന് കുറച്ച് കാലമായി മാറ്റി നിര്‍ത്തപ്പെട്ട അദ്വാനിക്കും എംഎം ജോഷിക്കും ബാബറി കേസ് വിധി നിര്‍ണായകമാണ്.