X

ബാബരി; കോടതിയില്‍ പൂര്‍ണ വിശ്വാസമെന്ന് ആക്ഷന്‍ കമ്മിറ്റി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി തന്നെ അന്തിമവിധിയുമായി മുന്നോട്ടുവരണമെന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇ.ടി.

ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ കോടതിയുടെ അന്തിമ വിധിയെ മാനിക്കുമെന്ന നിലപാടാണ് മുസ്‌ലിം ലീഗ് എന്നും സ്വീകരിച്ചത്. ഇപ്പോള്‍ വന്നിരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായമാണ്. അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജിയുടെ ചര്‍ച്ചാ വേളയിലാണ് ഈ അഭിപ്രായപ്രകടനം. ഹരജി മാര്‍ച്ച് 31ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുകയും ചെയ്യും. ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ പരാമര്‍ശത്തെ ഉടന്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. കോടതി വിധി ബഹുമാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാ ണ്. സുപ്രീംകോടതി മുമ്പാകെ നിലവിലുള്ള കേസിലെ മൗലിക വശം അവിടുത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ്. മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് എല്‍. കെ അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാര്‍ച്ച് ആറിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ക്രിമിനല്‍ ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍ അശോക് സിംഗാള്‍, സാധ്വി ഋതംബര, വി.എച്ച് ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, ആര്‍.വി. വേദാന്തി, പരമ ഹംസ്, രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍ ശര്‍മ, നൃത്യഗോപാല്‍ ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കളാണ് കേസിലുള്‍പ്പെട്ടത്്.
തര്‍ക്ക ഭൂമി മൂന്നാക്കി വിഭജിച്ച് കൊണ്ടുള്ള അലഹബാദ് ഹൈകോടതിയുടെ അപ്പീലിന്മേലാണിപ്പോള്‍ സുപ്രീംകോടതി ഇവിടെ ഈ നിരീക്ഷണമുണ്ടായിരിക്കുന്നത്. മൗലിക പ്രശ്‌നങ്ങള്‍ കോടതിയുടെ മുമ്പിലുള്ളപ്പോള്‍ ഇത്തരം ഒരു മധ്യസ്ഥതതയുടെ പ്രായോഗികതയിലും സംശയമുണ്ട്. ഇപ്പോഴത്തെ മധ്യസ്ഥ നീക്കമനുസരിച്ചു മതിയെങ്കില്‍ കേസ് മുമ്പെ തീര്‍ക്കാമായിരുന്നു. ശാശ്വത പരിഹാരം സുപ്രീംകോടതി തന്നെ അന്തിമ തീരുമാനമെടുക്കട്ടെ എന്നുള്ളതാണ്. ബാബരി ആക്ഷന്‍ കമ്മിറ്റിയുടെ നിലപാടുകളോട് ലീഗ് യോജിച്ച് നില്‍ക്കുമെന്നും ഇ.ടി വ്യക്തമാക്കി.

chandrika: