X

ബാബറി മസ്ജിദ് ധ്വംസനം; മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെതിരെ കുല്‍ദീപ് നയ്യാര്‍

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കുറ്റപ്പെടുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ രംഗത്ത്. പള്ളി തകര്‍ക്കപ്പെട്ടത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടെയും അറിവോടെയുമാണെന്ന് ഗൗരവകരമായ വെളിപ്പെടുത്തലുമായാണ് കുല്‍ദീപ് നയ്യാര്‍ രംഗത്തെത്തിയത്. മനോരമ ന്യൂസിനോടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി വിഷയത്തില്‍ ആര്‍.എസ്.എസിന്റെ അതേനിലപാടായിരുന്നു റാവുവിനെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് നരസിംഹറാവു ഉറപ്പ് നല്‍കിയിരുന്നു. കൂടാതെ താല്‍ക്കാലികമായി അവിടെ ഉയര്‍ന്ന ക്ഷേത്രം നീക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നാല്‍ ഇതൊന്നുമല്ല സംഭവിച്ചതെന്നും കുല്‍ദീപ് നയ്യാര്‍ പറഞ്ഞു.

ഈയടുത്ത് പുറത്തിറങ്ങിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ ‘ദ ടര്‍ബുലന്റ് ഇയേഴ്സ് 1980-96’ ലും സമാനമായ ആരോപണമുണ്ടായിരുന്നു. ‘ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ കഴിയാതെ പോയത് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നാണ്, പുസ്തകത്തില്‍ പറയുന്നത്.

രാജ്യമാകെ കലുഷിതമാക്കിയ ആ ദിനങ്ങളില്‍ നരസിംഹറാവു തനിക്ക് നല്‍കിയ രണ്ട് വാഗ്ദാനങ്ങളും കുല്‍പ് നയ്യാര്‍ വെളിപ്പെടുത്തി.

ബാബറിമസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഉറപ്പ് നല്‍കിയിരുന്നു. താല്‍ക്കാലികമായി അവിടെ ഉയര്‍ന്ന ക്ഷേത്രം നീക്കുമെന്നതായിരുന്നു നരസിംഹറാവിന്റെ രണ്ടാമത്തെ വാഗ്ദാനം, കുല്‍പ് നയ്യാര്‍ വെളിപ്പെടുത്തി.

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1992 ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് 12.20നാണ് കര്‍സേവകര്‍ പള്ളിയുടെ പുറം മതില്‍ പൊളിച്ചത്. അയോധ്യയില്‍ ഒത്തുചേര്‍ന്ന ആയിരക്കണക്കിനു കര്‍സേവര്‍ വൈകി 4.45 തോടെ മസ്ജിദിന്റെ അവസാന മകുടവും തകര്‍ക്കുകയായിരുന്നു. പള്ളി വീണതോടെ ഉലഞ്ഞത് ഇന്ത്യയുടെ മതേതരപാരമ്പര്യത്തിന്റെ കെട്ടുറപ്പാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ മണ്ണിലെ ഏറ്റവും വലിയ പരീക്ഷണം.

തകര്‍ക്കപ്പെട്ട് ഒരു മാസത്തിനുശേഷം ഭൂമി അവകാശത്തെച്ചൊല്ലി കേസ് ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് 2010ല്‍ 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നു കൂട്ടര്‍ക്കായി കൈമാറാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. 2.77 ഏക്കര്‍ ഭൂമിയുടെ മൂന്നില്‍ ഒന്നു നിര്‍മോഹി അഖാരയ്ക്കും മൂന്നിലൊന്നു രാംലാലയ്ക്കും ബാക്കി മൂന്നിലൊന്ന് വഖഫ് ബോര്‍ഡിനും കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍, ഈ വിധി 2011 മേയ് ഒന്‍പതിനു സുപ്രീം കോടതി സ്റ്റേ ചെയ്തു.

chandrika: