ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ വിധിന്യായത്തില്‍ വിചിത്രമായ കണ്ടെത്തലുകള്‍. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തില്‍ പാക് ഏജന്‍സികളുടെ പങ്ക് അന്വേഷിച്ചിരുന്നോ എന്നും ചോദിച്ചു.
പാക് തീവ്രവാദികള്‍ കര്‍സേവകര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു റിപ്പോര്‍ട്ട് പ്രകാരം, ഡല്‍ഹി വഴി അയോധ്യയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിയതായി പറയുന്നുണ്ട്. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ജമ്മു കശ്മീരിലെ ഉധംപൂര്‍ മേഖലയില്‍ നിന്ന് സാമൂഹിക/ദേശവിരുദ്ധരായ നൂറു പേര്‍ അയോധ്യയിലെത്തി എന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട വിവരം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ ആവശ്യമായ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല- വിധി ന്യായത്തില്‍ പറയുന്നു.
ദേശ വിരുദ്ധ ഘടകങ്ങളും കര്‍സേവകരുടെ രൂപത്തില്‍ എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന്‍ സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുമുണ്ട്- വിധിയെ അപഗ്രഥിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ചയാണ് രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ലഖ്‌നൗവിലെ സിബിഐ വിചാരണക്കോടതി വിധി പറഞ്ഞത്. എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, സ്വാധി റിതംബര തുടങ്ങി 32 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്നാണ് ഏകാംഗ ജഡ്ജ് എസ്‌കെ യാദവ് പറഞ്ഞിരുന്നത്.
2300 പേജു വരുന്ന വിധി ന്യായമാണ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ യാദവ് തയ്യാറാക്കിയത്. പള്ളി തകര്‍ത്ത ഫോട്ടോകള്‍, വീഡിയോകള്‍, കുറ്റാരോപിതരുടെ പ്രസംഗങ്ങള്‍ എന്നിവയൊന്നും കോടതി തെളിവായി സ്വീകരിച്ചില്ല. വീഡിയോകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല, ചിത്രങ്ങളുടെ നെഗറ്റീവുകള്‍ ഹാജരാക്കിയില്ല, പ്രസംഗങ്ങള്‍ വ്യക്തമല്ല എന്നൊക്കെയാണ് കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. ‘രേഖകളില്‍ ഉണ്ടായിരുന്ന എല്ലാ തെളിവുകളും അപഗ്രഥിച്ചു. പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനായില്ല’ – ഹിന്ദിയില്‍ എഴുതിയ ഉത്തരവില്‍ ജസ്റ്റിസ് യാദവ് വ്യക്തമാക്കി.
സ്ഥലത്ത് ലക്ഷക്കണക്കിന് കര്‍സേവകരാണ് ഉണ്ടായിരുന്നത്. ഒരുപാട് പൊടിയുണ്ടായിരുന്നു. നേതാക്കള്‍ ഇരുന്ന രാംനാഥ് കുഞ്ചില്‍ നിന്ന് 200-300 മീറ്റര്‍ അകലെയായിരുന്നു ഇത്. ഒരു സാക്ഷി പറയുന്നത് പ്രകാരം 800 മീറ്റര്‍ അകലെ. ഈ സാഹചര്യത്തില്‍ പള്ളി പൊളിക്കാന്‍ കൈ കൊണ്ട് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിശ്വസിക്കാന്‍ ആകില്ല- ഉത്തരവില്‍ പറയുന്നു.
മിക്ക സാക്ഷികളും പറഞ്ഞത് കര്‍സേവരുടെ കൈയില്‍ മണ്ണും വെള്ളവും ഉണ്ടായിരുന്നു എന്നാണ്. അവര്‍ കര്‍സേവ ചെയ്യുകയായിരുന്നു. അവിടെ ആരതി ചെയ്യുകയായിരുന്നു എന്ന് ഒരു സാക്ഷി പറഞ്ഞിട്ടുണ്ട്. പ്രതികള്‍ ഏതെങ്കിലും തരത്തില്‍ പള്ളി തകര്‍ത്തതില്‍ ഉള്‍പ്പെട്ടതായി ഒരു സാക്ഷിയും പറഞ്ഞിട്ടില്ല- ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി.