ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സി.ബി.ഐ നീക്കത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ലാലു പ്രസാദ് യാദവിന്റെ ആരോപണം ശരിയാകാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കത്യാര്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് കത്യാറുടെ പ്രതികരണം.
സുപ്രീംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രതികരണത്തിലാണ്, അദ്വാനിക്കെതിരായ നീക്കത്തിനു പിന്നില്‍ മോദിയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ആരോപിച്ചത്. സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നും അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സംയുക്ത വിചാരണ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനു പിന്നില്‍ മോദിയുടെ ഇടപെടല്‍ ഉണ്ടെന്നുമായിരുന്നു ലാലുവിന്റെ ആരോപണം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍നിന്ന് എല്‍.കെ അദ്വാനിയെ തഴയുകയെന്ന ലക്ഷ്യത്തോടെയാണ് മോദി ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ലാലു കുറ്റപ്പെടുത്തിയിരുന്നു.
ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ്, ആരോപണത്തില്‍ ചില സത്യങ്ങളുണ്ടാകാമെന്ന് വിനയയ് കത്യാര്‍ പ്രതികരിച്ചത്. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, സാധ്വി ഋതംബര എന്നിവര്‍ക്കൊപ്പം ബാബരി മസ്ജിദ് ഗൂഢാലോചനാ കേസില്‍ കൂട്ടു പ്രതിയാണ് വിനയ് കത്യാര്‍.