ലഖ്‌നോ: ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആവശ്യപ്പെട്ടത് താനാണെന്ന് അവകാശവാദവുമായി മുന്‍ ബിജെപി എം.പി രാം വിലാസ് വേദാന്തി രംഗത്ത്. കര്‍സേവകരോട് താനാണ് പള്ളി പൊളിക്കാന്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് സംഭവത്തില്‍ യാതൊരുവിധ പങ്കുമില്ലെന്നും ആവശ്യം ഉന്നയിച്ചതും പള്ളി പൊളിച്ചുവെന്നും ഉറപ്പുവരുത്തിയതും താനാണെന്ന് രാം വിലാസ് വേദാന്തി തുറന്നടിച്ചു. ഫൈസാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് വേദാന്തി പുതിയ അവകാശവാദവുമായി രംഗത്തുവന്നത്. 1992 ഡിസംബര്‍ ആറിനു ബാബറി മസ്ജിദിനു മുന്നില്‍ അണി നിരന്ന ആയിരക്കണക്കിനാളുകളെ മസ്ജിദ് തകര്‍ക്കാന്‍ പ്രേരിപ്പിച്ചത് അദ്വാനിയോ മറ്റ് ബിജെപി നേതാക്കളോ അല്ല, മറിച്ച് താനാണെന്നാണ് വേദാന്തി പറയുന്നത്.
അദ്വാനിയും ജോഷിയും രാജ്മാതാ വിജയരാജെ ഷിന്റെയും ചേര്‍ന്ന് തന്റെ കൈയില്‍ നിന്ന് മൈക്രോഫോണ്‍ പിടിച്ചു വാങ്ങി കര്‍സേവകരോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. തനിക്കു പുറമെ മുന്‍ ബിജെപി എംപി മഹാന്ദ് അവൈദ്യനാഥ്, വിഎച്ച്പി നേതാവ് അശോക് സിങ്ഹാല്‍ എന്നിവരും തനിക്കൊപ്പം കര്‍സേവകരെ പ്രകോപിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും വേദാന്തി പറയുന്നു. അവൈദ്യനാഥും സിങ്ഹാലും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവര്‍ ഉണ്ടായിരുന്നെങ്കില്‍ അദ്വാനിയുടെ പങ്ക് വ്യക്തമാകുമായിരുന്നുവെന്നും വേദാന്തി പറഞ്ഞു.
സുപ്രീംകോടതി ഗുഢാലോചന്ക്കുറ്റം പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ വിചാരണയില്‍ നിന്ന് ഒഴിവാക്കുന്നതിന്് വേദാന്തിയെ ഇറക്കി ബിജെപി പുതിയ തന്ത്രം ഇറക്കുകയാണെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്.