X

ബാബരി കേസ്: വിധി പറയുന്നത് മാറ്റി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ വിധി പറയുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.

അദ്വാനിയുടെ അഭിഭാഷക ന്‍ കെ.കെ വേണുഗോപാലിന് കോടതിയില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിയത്. അതേ സമയം, കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച്, രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മസ്ജിദ്-ക്ഷേത്ര തര്‍ക്കത്തിലുള്ള നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു.
അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയ നടപടി റായ്ബറേലി കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി. ബി.ഐ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിക്കേണ്ടത്. മാര്‍ച്ച് 21 കേസ് പരിഗണിച്ചപ്പോള്‍ തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ ഒരിക്കല്‍കൂടി ശ്രമിക്കണമെന്നും സുപ്രീം കോടതി അതിന് മധ്യസ്ഥത വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിധി പറയുന്നതിനായി കേസ് മാര്‍ച്ച് 22ലേക്ക് മാറ്റുകയായിരുന്നു. ബാബരി മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാര്‍ച്ച് ആറിന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കൂടാതെ ക്രിമിനല്‍ ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. 1992 ഡിസംബര്‍ ആറിനാണ് മുതിര്‍ന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍ അശോക് സിംഗാള്‍, സാധ്വി ഋതംബര, വി.എച്ച് ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, ആര്‍.വി. വേദാന്തി, പരമ ഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍ ശര്‍മ, നൃത്യഗോപാല്‍ ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി.ജെ.പി-വി.എച്ച്.പി നേതാക്കളാണ് പ്രധാന പ്രതികള്‍. മരണപ്പെട്ടതിനെ തുടര്‍ന്ന് ശിവസേന നേതാവ് ബാല്‍ താക്കറയെ ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് കോടതി ഒഴിവാക്കിയിരുന്നു.

chandrika: