ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രോസിക്യൂഷനെതിരെ കോടതി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമായിരുന്നില്ല എന്നും വിധി പ്രസ്താവിക്കവെ പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവ് നിരീക്ഷിച്ചു.
രണ്ടായിരം പേജ് വരുന്നതാണ് വിധി. ഇതില്‍ പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്നതാണ് സുപ്രധാന നിരീക്ഷണം. പള്ളി പൊളിക്കുന്ന വേളയില്‍ നേതാക്കള്‍ ആള്‍ക്കൂട്ടത്തെ തടയാന്‍ ശ്രമിച്ചു, അക്രമത്തിന് പ്രേരിപ്പിച്ചില്ല എന്നും വിധിയില്‍ പറയുന്നു. ഹൈന്ദവ ദൈവത്തിന്റെ വിഗ്രഹമുള്ളതു കൊണ്ടു തന്നെ കെട്ടിടം സുരക്ഷിതമായിരിക്കാന്‍ അശോക് സിംഗാള്‍ ആവശ്യപ്പെട്ടു എന്നും ജഡ്ജ് പറഞ്ഞു.
വിധിക്കു പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്‍കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. സത്യം വിജയിച്ചു എന്നായിരുന്നു ബിജെപി നേതാവ് രാം മാധവിന്റെ പ്രതികരണം.
വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയ 22 പേര്‍ കോടതിയില്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.
28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്‌ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍.
ലഖ്‌നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.