X
    Categories: MoreViews

ബാബരി: അന്തിമ വിചാരണ ഡിസംബര്‍ അഞ്ചു മുതല്‍

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ അന്തിമ വിചാരണ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് സുപ്രീംകോടതി. തര്‍ക്കവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെല്ലാം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഇരുവിഭാഗത്തിനും സുപ്രീംകോടതി മൂന്നു മാസത്തെ സമയം അനുവദിച്ചു. നിലവില്‍ എട്ട് ഭാഷകളിലാണ് രേഖകള്‍ ഉള്ളത്. ഇതെല്ലാം ഇംഗ്ലീഷിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇത് പത്താഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് യു.പി സര്‍ക്കാറിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. നല്‍കിയ സമയം നീട്ടി നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ഓഗസ്റ്റ് എട്ടിന് ബാബരി മസ്ജിദിന്റെ ഭൂമി തങ്ങളുടേതാണെന്നും അവിടെ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാമെന്നുമുള്ള അവകാശവാദവുമായി ഷിയ വഖ്ഫ് ബോര്‍ഡ് രംഗത്തുവന്നിരുന്നു. ബാബരി മസ്ജിദ് ഭൂമി, മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ജസ്റ്റിസുമാരായ ദീപക് മിസ്ര, അശോക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് പരിശോധിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച അപ്പീലുകളാണ് ബഞ്ചിനു മുമ്പിലുള്ളത്. ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, രാം ലല്ല, നിര്‍മോഹി അഖാഡ എന്നിവര്‍ക്ക് തുല്യമായി വീതിക്കാനായിരുന്നു 2010ല്‍ ഹൈക്കോടതി വിധി.
1992 ഡിസംബര്‍ ആറിനാണ് ഹിന്ദു കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. ഇതിനു ശേഷം രാജ്യവ്യാപകമായുണ്ടായ കലാപങ്ങളില്‍ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. പള്ളി നില്‍ക്കുന്ന സ്ഥലം രാമദേവന്റെ ജന്മസ്ഥലമാണ് എന്നാണ് ഹൈന്ദവ വിഭാഗക്കാരുടെ വാദം. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ഉത്തരവ് പ്രകാരം ഇവിടെയുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് മീര്‍ ബാഖി പള്ളി നിര്‍മിച്ചതെന്നാണ് അവര്‍ പറയുന്നത്.

chandrika: