X

ബാബരി ഒരു ഓര്‍മ ദിനം കൂടി; മറക്കാന്‍ കഴിയില്ല ആ ഖുബ്ബകള്‍

ഇ സാദിഖ് അലി

1992 ഡിസംബര്‍ 6ന് ശേഷം ഓരോ ഡിസംബര്‍ 6 വരുമ്പോഴും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ മനസ്സില്‍ ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ കടന്നുവരും. ബാബരി മസ്ജിദിന്റെ മൂന്ന് ഖുബ്ബകള്‍ വര്‍ഗീയ രാക്ഷസന്‍മാര്‍ തകര്‍ത്ത് തരിപ്പണമാക്കിയത് അന്നാണ്. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി വെട്ടിയ മതേതര ഇന്ത്യയുടെ ഹൃദയത്തില്‍നിന്ന് ചീറ്റിത്തെറിച്ചൊഴുകിയ ചോരച്ചാലുകളില്‍ ആര്‍ത്തട്ടഹസിച്ച് സംഹാരതാണ്ഡവമാടിയവര്‍ക്ക് ക്ലീന്‍ചിട്ട് നല്‍കിയ ജുഡീഷ്യറിയെ വിമര്‍ശിക്കാത്ത നിയമജ്ഞന്മാര്‍ ചുരുക്കം പേര്‍ മാത്രം. രാഷ്ട്രത്തിന്റെ തിരുനെറ്റിയില്‍ വെട്ടിത്തിളങ്ങുന്ന തിലകക്കുറിയായി നിലകൊണ്ടിരുന്ന പുണ്യഗേഹത്തെ പൊളിച്ച് നിരപ്പാക്കുമ്പോള്‍ മാതൃഭൂമിയുടെ നിഷ്‌കളങ്കമായ ഹൃദയം വാവിട്ട് നിലവിളിക്കുകയായിരുന്നു. ആ ദീനരോദനം ഇപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുകയാണ്.
‘മാനിഷാദ’ വാല്മീകി മഹര്‍ഷിയുടെ അനുയായികളെന്നവകാശപ്പെടുന്നവര്‍ക്ക് ബാബരി പള്ളിയുടെ പൂട്ട് പൊളിക്കാന്‍ അനുമതി നല്‍കിയ ജഡ്ജിയുടെ ജീവചരിത്രത്തില്‍ അദ്ദേഹം തന്നെ കുറിച്ചിട്ട ഒരു കുരങ്ങന്‍ കഥ ലിബര്‍ഹാന്‍ അയോധ്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘കുരങ്ങന്‍ പ്രേരണാവിധി’യുടെ ആ കഥയിങ്ങനെ: ‘വിധി പുറപ്പെടുവിക്കുമ്പോള്‍, അതിന് തൊട്ട് മുമ്പും ശേഷവും ഒരു കുരങ്ങന്‍ എന്റെ താമസസ്ഥലത്തും കോടതി മുറിയിലും വന്നു. അത് തിരികെ വീണ്ടും എന്റെ വസതിയിലെത്തി. ആ കുരങ്ങന്‍ ആരെയും ദ്രോഹിച്ചില്ല. എന്റെ കീഴ്‌നിയമ ഉദ്യോഗസ്ഥന്റെ മുമ്പിലുള്ള അയോധ്യ ഹരജി പരിഗണിക്കുന്നത് നേരത്തെയാക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷയായിരുന്നു അപ്പോള്‍ എന്റെ കയ്യില്‍. കുരങ്ങന്റെ അസാധാരണമായ നീക്കവും സാന്നിധ്യവും പൂട്ട് പൊളിക്കണമെന്ന് ഉത്തരവിടാന്‍ എനിക്ക് പ്രേരണയാകുകയായിരുന്നു’.

1986 ജനുവരിയിലാരംഭിച്ച പൂട്ട് പൊളിക്കല്‍ പ്രക്ഷോഭത്തോടെയാണ് ആസൂത്രണത്തിന്റെയും അധികാര നീതിന്യായ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നിര്‍ലജ്ജമായ മറ്റൊരു വഴിത്തിരിവ് സംജാതമാകുന്നത്. 1986 ജനുവരി 25 ന് മുന്‍സീഫ് കോടതിയില്‍ ഉമേഷ് ചന്ദ്ര പാണ്ഡെ എന്നൊരാള്‍ ഹരജി നല്‍കുന്നതോടെ തികച്ചും നാടകീയമായ ഒരു സംഭവം അരങ്ങേറുകയായിരുന്നു. ഇതിന്മേല്‍ ഫെബ്രുവരി 1ന് കോടതി വിചാരണ നിശ്ചയിച്ചു. അത് പറ്റില്ലെന്നും ഹരജി നേരത്തെ പരിഗണിക്കണമെന്നും പറഞ്ഞ് അയാള്‍ ജില്ലാ ജഡ്ജിക്ക് അപേക്ഷയും കൊടുത്തു. അത് കയ്യില്‍ കിട്ടേണ്ട താമസം ‘അടച്ചിട്ട പള്ളിയുടെ പൂട്ട് ഉടന്‍ തുറന്ന് കൊടുക്കുക. ഇത് മൂലമുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ സര്‍ക്കാറും ജില്ലാ മജിസ്‌ത്രേട്ടും നേരിടണം’. മുന്‍സീഫ് ജഡ്ജിക്ക് ജില്ലാ ജഡ്ജിയുടെ ഉത്തരവ് പോയി. ഇതിലാവേശം കയറിയ ജില്ലാ മജിസ്‌ട്രേട്ട് പൂട്ട് തുറന്നതുകൊണ്ട് ഒരു ക്രമസമാധാനപ്രശ്‌നവും വരാന്‍ പോകുന്നില്ലെന്ന് രേഖാമൂലം അറിയിച്ചു. നേരത്തെ സൂചിപ്പിച്ച ‘കുരങ്ങന്‍ പ്രേരണാവിധി’യുടെ പശ്ചാത്തലമിതായിരുന്നു. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധികള്‍ പരിശോധിക്കുമ്പോള്‍ ഇങ്ങനെയൊരു കുരങ്ങന്‍ പ്രേരണയില്‍നിന്നുള്ള വിധിയുടെ പ്രോദ്ഘാടനമാണ് കാണുന്നത്. അന്ന് തൊട്ട് ഏറ്റവും അവസാനം വരെയുള്ള ബാബരി വിധികള്‍ ഇന്ത്യന്‍ ജുഡീഷ്യറിക്കും ജനാധിപത്യത്തിനുമേറ്റ ഏറ്റവും വലിയ ആഘാതമായാണ് വിലയിരുത്തപ്പെടുന്നത്.

 

web desk 1: