X

ബാബരി ഭൂമി തങ്ങളുടേത്; മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കണം: ഷിയാ വഖഫ് ബോര്‍ഡ്

ലഖ്‌നൗ: ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും, തകര്‍ത്ത സ്ഥലത്തുനിന്നു മാറി അയോധ്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശിലെ ഷിയാ കേന്ദ്ര വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍. ബാബരി ഭൂമി വീതംവെച്ച അലഹാബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന പരമോന്നത കോടതിക്കു മുമ്പാകെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്ന വിധത്തിലുള്ള നിലപാട് ഷിയാ വഖഫ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്.

ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു മാത്രമാണെന്നും ഇക്കാര്യത്തിലുള്ള പ്രശ്‌ന പരിഹാരത്തിന് തങ്ങളുമായാണ് ചര്‍ച്ച നടത്തേണ്ടതെന്നും ഷിയാ വഖഫ് ബോര്‍ഡ് 30 പേജുള്ള സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു. ബാബരി കേസില്‍ കക്ഷിയായിരുന്ന സുന്നി വഖഫ് ബോര്‍ഡിനെ എതിര്‍ത്തു കൊണ്ടുള്ള നിലപാടാണ് ഷിയാ ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്.

ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് അംഗീകരിച്ചു കൊണ്ടാണ് ഷിയാ ബോര്‍ഡിന്റെ പരാമര്‍ശങ്ങള്‍. ‘മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ പൂജനീയമായ ജന്മസ്ഥലത്തു നിന്ന് നിശ്ചിത അകലം പാലിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മിച്ച് പ്രശ്‌ന പരിഹാരം തേടണം’ – സത്യവാങ്മൂലത്തില്‍ പറയുന്നു.

ബാബരി മസ്ജിദിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സമിതിയെ നിയമിക്കാന്‍ സമയം അനുവദിക്കണമെന്ന് ഷിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ബി.ജെ.പിയുമായി അടുപ്പം സൂക്ഷിക്കുന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ പുതിയ സത്യവാങ്മൂലം, ബാബരി മസ്ജിദ് കേസില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ ദുര്‍ബലപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്ന് സൂചനയുണ്ട്.

അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ നിയമിച്ചിരുന്നു. 2010 ല്‍ അലബാഹാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിച്ചു കൊണ്ടാണ് വിധി പറഞ്ഞത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ കക്ഷികള്‍ക്ക് ഈ ഭൂമി തുല്യമായി വീതിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി വിധി.

chandrika: