X

ബാബരി കേസ്: ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മ ഭൂമി ഭൂമി തര്‍ക്ക കേസില്‍ നവംബര്‍ മധ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി. കേസില്‍ ഇപ്പോള്‍ നടക്കുന്ന വിചാരണ ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നവംബര്‍ 17നാണ് കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. വിധി പ്രസ്താവം ഇതിന് മുമ്പ് ഉണ്ടായില്ലെങ്കില്‍ പുതിയ ബെഞ്ച് രൂപീകരിച്ച ശേഷം വീണ്ടും വിചാരണ നടപടികള്‍ നടത്തേണ്ടി വരും. ഇന്നലെ കേസില്‍ വാദം കേള്‍ക്കവെ ഇരുവിഭാഗം അഭിഭാഷകരുമായി കൂടിയാലോചിച്ച ചീഫ് ജസ്റ്റിസ് ഒക്ടോബര്‍ 18നകം വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായി നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ആവശ്യമെങ്കില്‍ ശനിയാഴ്ചകളിലും മറ്റു ദിവസങ്ങളില്‍ അധിക സമയവും വിചാരണക്കായി ഇരിക്കാമെന്നും നിരീക്ഷിച്ചു. അടുത്ത ആഴ്ച അവസാനത്തോടെ തങ്ങളുടെ വാദം പൂര്‍ത്തീകരിക്കുമെന്ന് മുസ്്‌ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു.
ഇതിന് ശേഷം ഒന്നോ രണ്ടോ ദിവസം സിവില്‍ കേസില്‍ വാദിക്കുമെന്നും പറഞ്ഞു. അതേ സമയം രാം ലല്ലക്കായി ഹാജരായ അഭിഭാഷകര്‍ രണ്ട് ദിവസം കൂടി ലഭിച്ചാല്‍ മതിയെന്ന് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ഭരണഘടനാ ബെഞ്ച് കൂടിയാലോചിച്ച് അടുത്ത മാസം 18നകം വിചാരണ പൂര്‍ത്തിയാക്കാമെന്ന് തീരുമാനിച്ചത്.
അതിനിടെ മധ്യസ്ഥര്‍ നല്‍കിയ കത്ത് പരിഗണിച്ച കോടതി ഏതെങ്കിലും തരത്തിലുള്ള മധ്യസ്ഥതക്ക് കക്ഷികള്‍ക്ക് സാധിക്കുമെങ്കില്‍ അക്കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ഇത് കോടതി മുമ്പാകെ വെച്ചാല്‍ മതിയെന്നും അറിയിച്ചു.
സുന്നി വഖഫ് ബോര്‍ഡ് മധ്യസ്ഥ ശ്രമങ്ങള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മധ്യസ്ഥ സമിതിക്ക് കത്ത് നല്‍കിയിരുന്നു. അതേ സമയം മധ്യസ്ഥ നടപടികള്‍ രഹസ്യമായിരിക്കണമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു.

web desk 1: