അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ ഡൊണാള്‍ഡ് ട്രംപിന് യോഗമില്ലെന്ന് പ്രവചിച്ച ബാബ വംഗ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. അമേരിക്കയുടെ അവസാന പ്രസിഡണ്ടാവും ഒബാമയെന്നാണ് ഈ നിഗൂഡ യോഗിയുടെ പ്രവചനം. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2017 ജനുവരി 20ന് മാത്രമെ ട്രംപിന്റെ സ്ഥാനാരോഹണം നടക്കൂ എന്നതിനാല്‍ ലോകത്തെ ഉദ്വേഗത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് ബാബ വംഗ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ തെക്ക് വടക്ക് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാവലുമാണ് ട്രംപിന് വിനയാകുകയെന്നും പ്രവചനം തുടരുന്നു. നേരത്തെ, ഐസിസിന്റെ ഉദയവും ബോക്‌സിങ് ഡേയിലെ സുനാമിയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പുറത്തു പോവലുമെല്ലാം ഇവര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നാണ് വാദം. അമേരിക്കയുടെ 44ാം പ്രസിഡണ്ട് ഒരു കറുത്ത വര്‍ഗക്കാരനാവുമെന്നും ബാബ വംഗ പറഞ്ഞിരുന്നു.
1996ല്‍ 85ാം വയസിലാണ് ബാബ വംഗ മരണപ്പെട്ടത്. ഇക്കാലത്തിനിടക്ക് ഒട്ടേറെ പ്രവചനങ്ങള്‍ ബാബ വംഗ നടത്തിയിരുന്നു. മറ്റു ചില പ്രവചനങ്ങള്‍ ഇവയാണ്.
1. റഷ്യന്‍ ആണവ അന്തര്‍വാഹിനിയായ കുര്‍സ്‌ക് വെള്ളത്താല്‍ മൂടപ്പെടും. ലോകം അതിനെ കുറിച്ചോര്‍ത്ത് കരയും. – 2000 ആഗസ്ത് 12ന് കുര്‍സ്‌ക് ബാരന്റ്‌സ് കടലില്‍ മുങ്ങി.
2. സ്റ്റീല്‍ പക്ഷികളുടെ അക്രമണത്തില്‍ അമേരിക്കയില്‍ ഒട്ടേറെ പേര്‍ മരിക്കും – 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാണ് ഇതെന്ന് ബാബയുടെ അനുയായികള്‍.
3. 2010ലെ അറബ് വിപ്ലവത്തോടെ മുസ്ലിം മഹാ യുദ്ധം തുടങ്ങും. യൂറോപ് ഇസ്ലാം കീഴടക്കും. 2018ഓടെ ചൈന ലോക ശക്തിയാവും.
4. 2025നും 2028നുമിടക്ക് ഒരു പുതിയ ഊര്‍ജ സ്രോതസ് കണ്ടെത്തപ്പെടും. ലോകത്തെ പട്ടിണി മാറ്റാന്‍ ഇത് ഏറെ സഹായകമാകും.
5. 2045ഓടെ മഞ്ഞ് മലകള്‍ ഉരുകാന്‍ തുടങ്ങും.
6. 2170നും 2256നുമിടക്ക് ചൊവ്വ ഗ്രഹവും ആണവ ശക്തി നേടും. ഭൂമിയില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടും.
എന്നാല്‍ പലപ്പോഴും ബാബ വംഗയുടെ പ്രവചനങ്ങള്‍ തെറ്റിയിട്ടുമുണ്ട്. 2010ല്‍ നാലു പ്രമുഖ രാഷ്ട്ര നേതാക്കള്‍ക്ക് നേരെ വധശ്രമമുണ്ടാകുമെന്ന പ്രവചനും 2010നും 2016നുമിടക്ക് ആണവ യുദ്ധമുണ്ടാകുമെന്ന പ്രവചനവും അതില്‍ ചിലത് മാത്രം. അതേസമയം പ്രവചനങ്ങളായി പറയുന്ന പലതും സംഭവം നടന്നു കഴിഞ്ഞതിനു ശേഷം മാത്രമാണ് പുറത്തുവിടുന്നതെന്നും ഇത് തട്ടിപ്പാണെന്നും ആരോപണമുണ്ട്.