ന്യൂഡല്‍ഹി: വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ പരിശോധനയില്‍ തിരിച്ചടി. ഉത്തരാഖണ്ഡ് സര്‍ക്കാറിനു കീഴിലെ ഹരിദ്വാറിലെ ആയുര്‍വേദ-യുനാനിന ഓഫീസ് നടത്തിയ പരിശോധനയിലാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തല്‍. പരസ്യങ്ങളില്‍ മറ്റും നിറഞ്ഞു നില്‍ക്കുന്ന ദിവ്യആംല ജ്യൂസ് (നെല്ലിക്കാജ്യൂസ്), പ്രത്യുല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് എന്നിവയിലാണ് ഗുണമേന്മ ഒട്ടുമില്ലെന്ന് കണ്ടെത്തിയത്.
രാജ്യത്തെ ആരോഗ്യവിപണിയില്‍ ലഭ്യമായ 40 ശതമാനം ആയുര്‍വേദ ഉള്‍പ്പന്നങ്ങള്‍ക്കും അടിസ്ഥാന ഗുണമേന്മയില്ലെന്നാണ് റിപ്പോര്‍ട്ടിലുണ്ട്. 2013നും 2016നുമിടക്ക് വിവിധ കമ്പനികളില്‍ നിന്ന് ശേഖരിച്ച 82 ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകളില്‍ 32 എണ്ണവും പരിശോധനയില്‍ പരാജയപ്പെട്ടതായാണ് വിവരം. പതഞ്ജലിയുടെ ആംല ജ്യൂസ് പശ്ചിബംഗാള്‍ ആരോഗ്യവകുപ്പിനു കീഴിലെ ലാബില്‍ നടത്തിയ ഗുണമേന്മ പരിശോധനയിലും പരാജയപ്പെട്ടിരുന്നു. നിയമപ്രകാരമുള്ളതിലും കുറഞ്ഞ പി.എച്ച് വാല്യുവാണ് ആംല ജ്യൂസിനുള്ളതെന്നാണ് പരിശോധനയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് അസിഡിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് രാജ്യത്തെ സൈനിക കാന്റീനുകളില്‍ ഇവയുടെ വില്‍പന നിരോധിച്ചിരുന്നു.