രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം കൂറ്റന്‍ സ്‌കോറിലേക്ക് കടക്കുന്നു. ഇന്നിങ്സില്‍ കേരളം 127 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. അസ്ഹറുദ്ദീനോടൊപ്പം മികച്ച പിന്തുണയുമായി സല്‍മാന്‍ നിസാറും ക്രീസില്‍ കൂട്ടിനുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 110 റണ്‍സാണ് അടിച്ചെടുത്തത്.
ആറാം വിക്കറ്റില്‍ ഇരുവരും ഒന്നിച്ച് നിന്ന് പോരാടിയതോടെ ഗുജറാത്ത് ഒന്നടങ്കം വിയര്‍ത്തു.
ആദ്യ ഇന്നിങ്സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനില്‍ സച്ചിന്‍ ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങി.
ഗുജറാത്ത് നിരയില്‍ നഗ്വാസ്വല്ലയ്ക്ക് രണ്ട് വിക്കറ്റുണ്ട്. രവി ബിഷ്‌ണോയ്, പ്രിയജീത് ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായാണ് പുറത്തായത്.
കേരളത്തിന്റെ തുടക്കം തന്നെ കരുതലോടെയായിരുന്നു. ഓപ്പണര്‍മാര്‍ ആദ്യ 20 ഓവര്‍വരെ 60 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി മത്സരം നടക്കുന്നത്. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്.
അതേസമയം 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്.