X

ഗാംഗുലിയെ വിമര്‍ശിച്ച ശാസ്ത്രിക്കെതിരെ അസ്ഹറുദ്ദീന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരില്‍ നിന്ന് ഗാംഗുലിയെ ഒഴിവാക്കി രവി ശാസ്ത്രി പ്രസിദ്ധീകരിച്ച പട്ടികക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ രംഗത്ത്. മണ്ടത്തരമാണ് അദ്ദേഹം പറയുന്നത്, കണക്കുകള്‍ നോക്കിയിട്ടാണോ ശാസ്ത്രി ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കണക്കിലെടുക്കുന്നില്ല, സ്വന്തം ഇഷ്ടത്തിനനുസരിച്ച്
ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചവരെ അപമാനിക്കലാവുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രവി ശാസ്ത്രിയുടെ മികച്ച ക്യാപ്റ്റന്മാരില്‍ ധോണിയെയാണ് പ്രശംസ കൊണ്ട് മൂടുന്നത്. ക്യാപ്റ്റന്മാരുടെ ദാദയാണ്‌ ധോണിയെന്നും മറ്റാര്‍ക്കും ധോണിയെ പകരം വെക്കാനാവില്ലെന്നും ശാസ്ത്രി വ്യക്തമാക്കിയിരുന്നു. ധോണി, കപില്‍ ദേവ്, അജിത് വഡേക്കര്‍, ടൈഗര്‍ പട്ടൗഡി എന്നിവരൊഴികെയുള്ള ഇന്ത്യന്‍ നായകന്മാര്‍ മോശമെന്നുമായിരുന്നു ശാസ്ത്രി പക്ഷം.

ശാസ്ത്രിയും ഗാംഗുലിയും തമ്മിലും അത്ര രസത്തിലല്ല, ഈ രസക്കേടാണ് ഗാംഗുലിയെ ബോധപൂര്‍വം ഒഴിവാക്കുന്നതിലെത്തിച്ചത്. അതേസമയം കോഴ വിവാദത്തില്‍ നിന്ന് മുക്തനായ അസ്ഹര്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാരുങ്ങുകയാണ്. മുന്‍ എം.പി കൂടിയായ അസ്ഹറും ഇന്ത്യക്ക് മികച്ച വിജയങ്ങള്‍ സമ്മാനിച്ചിരുന്നു.

chandrika: