X
    Categories: indiaNews

തിരിച്ചടി; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് അഴഗിരി

ചെന്നൈ: ബിജെപിയുമായി സഖ്യത്തിനില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ വിമത നേതാവുമായ എം.കെ.അഴഗിരി. ഭാവി രാഷ്ട്രീയ പരിപാടി ഡിസംബറിലോ ജനുവരിയിലോ പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍, സമ്മര്‍ദം ശക്തമാക്കി ഡിഎംകെയില്‍ തിരിച്ചു കയറുകയാണ് ലക്ഷ്യമെന്നാണു സൂചന. 23നു നടക്കുന്ന ഡിഎംകെ നേതൃയോഗത്തില്‍ അഴഗിരി വിഷയം മുഖ്യ ചര്‍ച്ചയാകും.

മുന്‍ മുഖ്യമന്ത്രിയും പിതാവുമായ കരുണാനിധിയുടെ പേരില്‍ പാര്‍ട്ടി രൂപീകരിച്ച് അഴഗിരി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ഒന്നര വര്‍ഷത്തെ മൗനം വെടിഞ്ഞ്, രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതികരിച്ചതോടെ അഭ്യൂഹങ്ങള്‍ക്കു ശക്തിയേറി. 21നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിലെത്തുമ്പോള്‍ കൂടിക്കാഴ്ച നടത്തുമെന്നും പ്രചാരണമുണ്ടായി.

അതിനിടെ, എം.കെ.സ്റ്റാലിനേക്കാള്‍ രാഷ്ട്രീയമറിയുന്നത് അഴഗിരിക്കാണെന്നു ബിജെപി സംസ്ഥാന സെക്രട്ടറി ആര്‍. ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് അഴഗിരി ബിജെപിയുമായി കൈകോര്‍ക്കുന്നതിന്റെ സൂചനയാണോ എന്നായിരുന്നു ചര്‍ച്ചയായത്്. എന്നാല്‍ താന്‍ ബിജെപിയുമായി യാതൊരു രീതിയിലുള്ള സഖ്യത്തിനും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ഊഹാപോഹങ്ങള്‍ക്കെല്ലാം തിരശീല വീണിരിക്കുകയാണ്.

 

Test User: