ലക്‌നോ: വിവാദ പരാമര്‍ശങ്ങള്‍ക്കു പേരുകേട്ട സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന്‍ വീണ്ടും വിവാദത്തില്‍. മുസ്‌ലിം ജനസംഖ്യ കൂടാന്‍ കാരണം തൊഴിലില്ലായ്മയാണെന്ന പരാമര്‍ശമാണ് അസം ഖാനെ വീണ്ടും പുലിവാലു പിടിപ്പിച്ചത്. യു.പിയിലെ കാനൗജില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അസം ഖാന്റെ വിവാദ പരാമര്‍ശം. ‘ മുസ്‌ലിം യുവാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് അവര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഇത്തരക്കാര്‍ക്ക് ജോലി ലഭിച്ചാല്‍ ജനന നിരക്ക് കുറയും’- അസം പറഞ്ഞു.
വിവാദപരമായ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ എന്നും ഇടം നേടുന്ന വ്യക്തിയാണ് അസം ഖാന്‍. സംസ്ഥാനത്തെ ഏറിയ പങ്കും ജനങ്ങള്‍ തൊഴില്‍ രഹിതരാണ്. അതുകൊണ്ടാണ് അവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. മോദി സര്‍ക്കാര്‍ ഇത്തരക്കാര്‍ക്ക് ജോലി നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ രാജ്യത്തെ ജനസംഖ്യ ഇത്ര ഉയര്‍ന്ന രീതിയിലെത്തില്ലെന്നുമായിരുന്നു അസം ഖാന്റെ പരാമര്‍ശം.
രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി കൂടുന്നുവെന്ന ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനക്കു മറുപടിയായാണ് അസംഖാന്റെ പരാമര്‍ശം. ഹിന്ദുക്കളല്ല ജനസംഖ്യ വര്‍ധനവ് കാരണമെന്നും നാലു ഭാര്യമാരും 40 കുഞ്ഞുങ്ങളും വേണമെന്ന് വാദിക്കുന്ന വിഭാഗക്കാരാണ് ഇതിന് ഉത്തരവാദിങ്ങളെന്നുമായിരുന്നു സാക്ഷി മഹാരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിനു മറുപടിയായാണ് അസം ഖാന്റെ പ്രതികരണം. എന്നാല്‍ അസം ഖാന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തു വന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ടു വര്‍ഷമാകുന്നുള്ളൂവെന്നും സമാജ്‌വാദിയോടും സഖ്യകക്ഷിയായ കോണ്‍ഗ്രസിനും ഇക്കാര്യം ഉന്നയിക്കാന്‍ ബിജെപി അസം ഖാനോട് ആവശ്യപ്പെട്ടു.