ന്യൂഡല്‍ഹി: തീവ്രവാദിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ ആറ് മാസം ജയിലിലടച്ച എന്‍.ഐ.എ ഒടുവില്‍ തെളിവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്കി. കഴിഞ്ഞ ഡിസംബർ 26നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ സീലാംപുർ, ചൗഹാൻ ബങ്കർ മേഖലയിൽ തിരച്ചിൽ നടത്തി മുഹമ്മദ് അഅ്സം അടക്കം അഞ്ചുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. യു.പിയിലെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി മറ്റ് ഒമ്പതുപേരെയും എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇവർ ഐ.എസ് ബന്ധമുള്ള ഹർകത്തുൽ ഹർബെ ഇസ്ലാം എന്ന സംഘടനയുടെ പ്രവർത്തകരാണെന്നായിരുന്നു എൻ.ഐ.എ വെളിപ്പെടുത്തിയത്.
12 പിസ്റ്റളുകൾ, മിസൈൽ വിക്ഷേപണ ഉപഗ്രഹങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, 98 മൊബൈൽ ഫോണുകൾ, 25 കിലോഗ്രാം സ്ഫോടക വസ്തുക്കൾ തുടങ്ങിയവ ഇവരിൽനിന്ന് കണ്ടെടുത്തതായും അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു. ഐ.എസിന്റെ ഇന്ത്യൻ പതിപ്പ് സ്ഥാപിച്ച് ഇന്ത്യൻ സർക്കാറിനെതിരെ ജിഹാദ് നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കഴിഞ്ഞമാസം സമർപ്പിച്ച കുറ്റപത്രത്തിൽ എൻ.ഐ.എ ബോധിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അഅ്സമും സയ്ദ് മാലികും ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു കുറ്റപത്രം. എന്നാൽ, ഇവരെ കുറ്റക്കാരാക്കുന്നതിന് വ്യക്തമായ തെളിവില്ലെന്നു പറഞ്ഞാണ് ഇപ്പോൾ എൻ.െഎ.എ മലക്കംമറിഞ്ഞത്.
‘‘എന്നെ സംബന്ധിച്ച് ജയിലിൽ കഴിഞ്ഞ ആറു മാസമെന്നത് ദീർഘമായ കാലയളവാണ്. ഞാൻ ജീവിതത്തിൽ നേടിയെടുത്തതെല്ലാം തകർന്നടിഞ്ഞ അവസ്ഥ. ആറു വയസ്സായ മകൾ എന്നും ബാപ്പയെ ചോദിക്കും. മരുന്നു ഫാക്ടറിയിൽ ജോലിക്കു പോയതാണെന്ന് കള്ളം പറഞ്ഞാണ് അവളെ ബന്ധുക്കൾ സമാധാനിപ്പിച്ചത്. തിഹാർ ജയിലിൽ അവൾ എന്നെ കാണാൻ വരുേമ്പാൾ അത് താൻ ജോലി ചെയ്യുന്ന ഫാക്ടറിയാണെന്നും അവർ ധരിച്ചു’’ -ചൗഹാൻ ബങ്കറിൽ മെഡിക്കൽഷോപ് നടത്തുന്ന മുഹമ്മദ് അഅ്സം പറഞ്ഞു. വീട്ടിൽ തിരച്ചിൽ നടത്തി മകനെ പിടിച്ചുകൊണ്ടുപോകുേമ്പാൾ ചോദ്യം ചെയ്യാനാണെന്നായിരുന്നു പൊലീസുകാർ പറഞ്ഞതെന്നും അത് ആറുമാസം തടവാകുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അഅ്സമിെൻറ പിതാവ് അഹ്മദ് പറഞ്ഞു.