X

ആയുവേദ മരുന്നുകള്‍ക്ക് തീവില; നിയന്ത്രിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ആയുര്‍വേദമരുന്നു കമ്പനികള്‍ വില കുത്തനെ ഉയര്‍ത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഔഷധി ഒഴികെയുള്ള മിക്ക സ്വകാര്യ കമ്പനികളും മരുന്നുവില കഴിഞ്ഞ ആറുമാസത്തിനിടെ ഒന്നിലധികം തവണ വര്‍ധിപ്പിച്ചുകഴിഞ്ഞു. ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ ഒറ്റയടിക്കു വര്‍ധിപ്പിച്ചിട്ടും സര്‍ക്കാരോ, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമോ ഇടപെടുന്നില്ല.

ബ്രാന്‍ഡഡ് ആയുര്‍വേദ മരുന്നുകള്‍ക്ക് വില അടിക്കടി വര്‍ധിക്കുകയാണ്. അടുത്തിടെ പ്രചാരത്തിലായതും വിവാദനായകനുമായ യോഗാചാര്യന്റെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ മരുന്നുകളാണ് വിലയില്‍ മുന്നില്‍. കേരളത്തിലെ പ്രധാനപ്പെട്ട ആറ് സ്വകാര്യകമ്പനികളും തോന്നിയ വിലയാണ് ഈടാക്കുന്നത്. എന്നാല്‍ സമാനമായ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതുമായ ഔഷധി മരുന്നുകള്‍ അവസാനമായി വിലവര്‍ധിപ്പിച്ചതു 2015 സെപ്തംബറിലാണ്.

സ്വകാര്യ കമ്പനികള്‍ വിലവര്‍ധിപ്പിക്കുന്നതു തടയാന്‍ സര്‍ക്കാരിന് യാതൊരു മാര്‍ഗവുമില്ല. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്നും ഗുണനിലവാരം ഉറപ്പുവരുത്തി ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ തോന്നിയ വില ഈടാക്കുകയാണ് മരുന്നുകമ്പനികള്‍.
ചില മരുന്നുകമ്പനികളുടെയും ഒരു കൂട്ടം ഡോക്ടര്‍മാരുടെയും അവിശുദ്ധകൂട്ടുകെട്ടാണ് മരുന്നുകളുടെ കൊള്ളവിലക്ക് കാരണമെന്നാണ് ആക്ഷേപം.
ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന സൗജന്യങ്ങളുടെയും സമ്മാനങ്ങളുടെയും ചെലവ് കമ്പനികള്‍ മുതലാക്കുന്നത് മരുന്നുകളുടെ വില കൂട്ടിയാണ്. അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപവരെയുള്ള സൗജന്യങ്ങള്‍ സ്വീകരിക്കുന്നതായി കണ്ടെത്തിയാല്‍ ഡോക്ടര്‍മാരുടെ റജിസ്‌ട്രേഷന്‍ മൂന്ന് മാസത്തേക്ക് റദ്ദാക്കാന്‍ നിയമം നിലനില്‍ക്കെയാണ് മരുന്നുകമ്പനികളുമായി ഇവര്‍ ഒത്തുകളിക്കുന്നത്.

chandrika: