അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ശ്രീരാമക്ഷേത്രം സ്ഥാപിക്കുക എന്നത് 2014-ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുള്ളതാണെന്നും പാര്‍ട്ടിക്ക് അതില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി രാമജന്മഭൂമി വിഷയം ബി.ജെ.പി ഉയര്‍ത്തിയതിനു പിന്നാലെയാണ് സ്വാമിയുടെ പ്രഖ്യാപനം. ക്ഷേത്രനിര്‍മാണം ബലമായി നടത്താനാവില്ലെന്നും മുസ്ലിം സംഘടനകളുടെ പിന്തുണ തേടുമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും മുന്‍ ജനതാപാര്‍ട്ടി നേതാവ് പറഞ്ഞു. യു.പി തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി ശ്രീരാമന്റെ പേര് വീണ്ടും വില്‍ക്കാന്‍ തുടങ്ങിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അയോധ്യയില്‍ രാമായണ മ്യൂസിയം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചകളിലേക്കു വന്നത്. മ്യൂസിയം നിര്‍മാണം മോദി സര്‍ക്കാറിന്റെ ടൂറിസം വികസനത്തിന്റെ ഭാഗമാണെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ അവകാശപ്പെട്ടു. 225 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി വകയിരുത്തുന്നത്. ഇതില്‍ 151 കോടി അയോധ്യയില്‍ മാത്രം ചെലവഴിക്കും. മ്യൂസിയം നിര്‍മിക്കുന്നതിനുള്ള സ്ഥലം പരിശോധിക്കുന്നതിനായി മഹേഷ് ശര്‍മ അയോധ്യയിലെത്തുന്നുണ്ട്. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തു നിന്ന് 25 കിലോമീറ്റര്‍ അകലെ 25 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് യു.പി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാമായണ മേള സംഘടിപ്പിക്കാന്‍ യു.പി ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ബി.ജെ.പിയുടെയും എസ്.പിയുടെയും നീക്കങ്ങളില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പി ശ്രീരാമന്റെ പേര് വില്‍പ്പനച്ചരക്കാക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ഡി.പി സിങ് പറഞ്ഞു.
അതിനിടെ, മ്യൂസിയം നിര്‍മിക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് രാജ്യസഭാ എം.പി വിനയ് കത്യാര്‍ രംഗത്തെത്തിയിട്ടുണ്ട്. തല്‍ക്കാലത്തേക്ക് ജനങ്ങളെ പ്രീണിപ്പിക്കാന്‍ മ്യൂസിയം നിര്‍മിക്കുകയല്ല, രാമക്ഷേത്രം പണിയുകയാണ് വേണ്ടതെന്ന് കത്യാര്‍ പറഞ്ഞു.