ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം അടക്കം രാജ്യത്തെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണ ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. നവംബർ 16നോ 17നോ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശം. കൊല്ലപ്പെട്ട ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനിന്റെ സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.
കാനഡയിലെ ബ്രാംപ്‌ടണിൽ വെച്ച് റെക്കോർഡ് ചെയ്‌ത വിഡിയോ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. “അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും” എന്നാണ് വിഡിയോയിൽ പന്നു പറയുന്നത്.
തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഇളക്കും. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് കാനഡയിലെ ഇന്ത്യക്കാർ വിട്ടുനിൽക്കണമെന്നും സിഖ് ഫോർ ജസ്റ്റിസ് ആവശ്യപ്പെടുന്നു. ഭീഷണി സന്ദേശത്തിന്‍റെ വിഡിയോ സിഖ് ഫോർ ജസ്റ്റിസ് ആണ് പുറത്തുവിട്ടത്. ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥന നടത്തുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്.
കഴിഞ്ഞ മാസം, നവംബർ 1 നും 19 നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് പന്നൂ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 1984 ലെ “സിഖ് വംശഹത്യ”യുടെ 40-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പന്നൂ ഭീഷണി മുഴക്കിയത്. പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂൻ്റെ എസ്എഫ്ജെ വിവിധ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സാമുദായിക സൗഹാർദം തകർക്കാൻ പന്നു ഇതുവരെ നിരവധി പ്രകോപനപരമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.