X
    Categories: indiaNews

അയോധ്യയിലെ പള്ളിക്കു നല്‍കിയ അഞ്ച് ഏക്കറിനു മേലും അവകാശ വാദം; ഹര്‍ജിയുമായി സഹോദരിമാര്‍

ലക്‌നൗ: അയോധ്യയില്‍ മുസ്‌ലിം പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിനു നല്‍കിയ ഭൂമിയില്‍ അവകാശം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. അയോധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മിക്കുന്നത്. ഈ സ്ഥലം തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്രയുടെ പേരിലുള്ള 28 ഏക്കറില്‍ പെടുന്ന സ്ഥലമാണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി സ്വദേശിനികളായ റാണി കപൂര്‍, രമാ റാണി എന്നീ സഹോദരിമാരാണ് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഈ മാസം എട്ടിനു പരിഗണിക്കും.

വിഭജനകാലത്ത് പഞ്ചാബില്‍ നിന്നെത്തിയ പിതാവ് ഫൈസാബാദില്‍ താമസം തുടങ്ങിയപ്പോഴാണ് ധന്നിപുര്‍ ഗ്രാമത്തില്‍ വിവാദ ഭൂമി ഉള്‍പ്പെടുന്ന സ്ഥലമടക്കം അദ്ദേഹത്തിനു പതിച്ചു കിട്ടിയത്. റവന്യൂ രേഖകളിലും ഈ വിവരമുണ്ട്. പിന്നീട് രേഖകളില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ അപ്പീല്‍ പോകുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ കണ്‍സോളിഡേഷന്‍ ഓഫിസര്‍ തങ്ങളുടെ പിതാവിന്റെ പേര് രേഖകളില്‍ നിന്ന് നീക്കി. ഇതിനെതിരെയുള്ള അപ്പീല്‍ സെറ്റില്‍മന്റ് ഓഫിസറുടെ പരിഗണനയിലിരിക്കെയാണ് ഭൂമി സുന്നി വഖഫ് ബോര്‍ഡിനു കൈമാറിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

web desk 1: