ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി. ഹിന്ദു മുസ്ലിം വിഭാഗങ്ങളെ അഭിപ്രായ സമന്വയത്തില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനായില്ലെന്ന് സമിതി വ്യക്തമാക്കി. സമിതി റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും.
ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് അയോധ്യ മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുക. കേസില്‍ ദിനംപ്രതി വാദം കേള്‍ക്കുന്നതിനുള്ള തീയതിയും കോടതി തീരുമാനിക്കും.