X

സവാഹിരി പാകിസ്താന്‍ സംരക്ഷണയിലോ?;അതെയെന്ന് യുഎസ് മാധ്യമം

വാഷിങ്ടണ്‍: ഡ്രോണ്‍ ആക്രമണം അതീജിവിച്ച് അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം രക്ഷപ്പെട്ട അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പാകിസ്താന്റ് സംരക്ഷണയിലെന്ന് യുഎസ് മാധ്യമം. പാകിസ്ഥാന്‍ ഇന്റലിജന്‍സ് സര്‍വ്വീസിന്റെ സംരക്ഷണയിലുള്ള സവാഹിരി കറാച്ചിയിലാണെന്നാണ് അമേരിക്കയില്‍ നിന്നുളള ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്താനിലെ ഉള്‍പ്രദേശത്ത് അമേരിക്ക കഴിഞ്ഞ വര്‍ഷം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് സവാഹിരി കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . മരിക്കുന്നതിനു മുമ്പ് അമേരിക്കയുടെ മേല്‍ മറ്റൊരു ഭീകരാക്രമണം കൂടി നടത്തുകയെന്നതാണ് തന്റെ അന്ത്യാഭിലാഷമെന്ന് സവാഹിരി വ്യക്തമാക്കിയിരുന്നു. ‘ താലിബാന്‍ സംരക്ഷണം നല്‍കാന്‍ തയ്യാറാവാത്തതാണ് പാകിസ്താന്‍ ഏജന്‍സി സവാഹിരിക്ക് കറാച്ചിയില്‍ അഭയം നല്‍കാന്‍ കാരണം. ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനും ഐഎസ്‌ഐയുടെ സംരക്ഷണയിലാണെന്നാണ് കരുതുന്നത്’. യുഎസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സവാഹിരിയുടെ ഒളിയിടത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് വരുന്നത് ഇതാദ്യമായാണ്. പാക് സഹായം സവാഹിരിയ്ക്കുണ്ടെന്നു നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കറാച്ചിയില്‍ തന്നെ പാകിസ്താന്‍ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള സംരക്ഷണയിലാണെന്നു അമേരിക്ക ആരോപിച്ചിരുന്നു. മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് കുടുതല്‍ വിവരങ്ങള്‍ ന്യൂസ് വീക്ക് പറയുന്നത്. ‘ പാകിസ്താന്റെ പ്രധാന നഗരമായ കറാച്ചിയില്‍ ഒളിച്ചിരിക്കുന്നതാണ് സവാഹിരിക്ക് മെച്ചം. അഫ്്ഗാനിലെ പോലെ ഒരു പ്രശ്‌നവും അവിടെയുണ്ടാവില്ല. അതു പോലെ തന്നെ പാകിസ്ഥാനിലെ മറ്റു സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നത്ര സുരക്ഷാക്കുറവും ഉണ്ടാവില്ല. അതുകൊണ്ടാണ് ഒളിക്കാന്‍ കറാച്ചി തന്നെ തെരഞ്ഞെടുത്തത്’. മാധ്യമം വ്യക്തമാക്കുന്നു.

chandrika: