X

വിശാല സഖ്യത്തിനൊപ്പം തകര്‍ന്നത് 11 കോടി ജനങ്ങളുടെ വിശ്വാസം: ശരത് യാദവ്

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെതിരേ ആഞ്ഞടിച്ച് പാര്‍ട്ടി മുന്‍ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശരത് യാദവ് വീണ്ടും. വിശാല സഖ്യത്തില്‍ നിന്നു വേര്‍പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം മന്ത്രിസഭ രൂപീകരിച്ചതിലൂടെ 11 കോടി ജനങ്ങളുടെ വിശ്വാസമാണ് നിതീഷ് തകര്‍ത്തതെന്ന് ശരത് യാദവ് കുറ്റപ്പെടുത്തി. ബിഹാറില്‍ നടത്തുന്ന ജന്‍ സംവാദ് യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശാല സഖ്യത്തിനായി വോട്ട് ചോദിച്ചത് താനും കൂടി ചേര്‍ന്നാണ്. അതുകൊണ്ട് തന്നെ സഖ്യത്തിനുണ്ടായ വീഴ്ചയും പ്രത്യാഘാതങ്ങളും ജനങ്ങളോട് ചര്‍ച്ചചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ബിഹാറില്‍ അഞ്ച് വര്‍ഷത്തേക്കുള്ള സഖ്യത്തിനാണ് ആര്‍.ജെ.ഡി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചേര്‍ന്ന് ജെ.ഡി.യു രൂപം നല്‍കിയിരുന്നത്. മതനിരപേക്ഷത ഉയര്‍ത്തി പിടിച്ച സഖ്യത്തിന് ഉയര്‍ന്ന ജനപിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിക്കൊപ്പം പോയതിലൂടെ ജനങ്ങളോടുള്ള രാഷ്ട്രീയ വഞ്ചനയാണ് നീതീഷ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് തരം ജനതാദള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് സര്‍ക്കാരും മന്ത്രിമാരും അടങ്ങുന്ന വിഭാഗം. ജനങ്ങള്‍ അണിനിരക്കുന്ന രണ്ടാമത്തെ വിഭാഗമാണ് യഥാര്‍ത്ഥ ജനതാദളെന്നും ശരത് യാദവ് പറഞ്ഞു.

അതേസമയം ജെ.ഡി.യു പിളര്‍പ്പിലേക്കെന്ന സൂചന നല്‍കിയാണ് ശരത് യാദവിന്റെ ബിഹാര്‍ പര്യടനം. മൂന്ന് ദിവസം നീണ്ട പര്യടനത്തിന്റെ ഭാഗമായി എട്ട് മുതല്‍ പത്ത് വരെ മണ്ഡലങ്ങളില്‍ ശരത് യാദവ് സന്ദര്‍ശനം നടത്തും. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നിതീഷ് കുമാറിനെ പ്രകോപിപ്പിക്കുക എന്ന തന്ത്രമാണ് ശരത് യാദവ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ ശരത് യാദവിന് രാജ്യസഭാ സീറ്റ് നഷ്ടപ്പെടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെങ്കില്‍ എം.പി സ്ഥാനവും രാജി വെക്കേണ്ടിവരും. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി യോജിച്ച് നീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

chandrika: