X

മൂന്നാം ടെസ്റ്റ് ജഡേജക്കു പകരം അക്‌സര്‍ പട്ടേല്‍

കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. കാന്‍ഡിയില്‍ ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന പട്ടേല്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. എന്നാല്‍ 23കാരനായ താരത്തിന് അന്തിമ ഇലവനില്‍ ഇടംകണ്ടെത്താനാകുമോയെന്നത് സംശയമാണ്. 23കാരനായ അക്‌സര്‍ പട്ടേല്‍ 30 ഏകദിനങ്ങളും ഏഴ് ട്വന്റി ട്വന്റി മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് ജഡേജയെ ഒരു മത്സരത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ജഡേജ അടക്കേണ്ടി വരും. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ജഡേജ ഐസിസിയുടെ 2.2.8 നിയമാവലിയിലെ ചട്ടം ലംഘിച്ചതായാണ് കണ്ടെത്തിയത്. പന്തോ, വെള്ളക്കുപ്പി അടക്കമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്ന ഏതെങ്കിലും ഉപകരണമോ സാധനമോ ഉപയോഗിച്ച് കളിക്കാര്‍ക്ക് നേരെയോ സഹായികള്‍ക്കോ അമ്പയര്‍ക്കോ മാച്ച് റഫറിക്കോ അതുമല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും നേര്‍ക്കോ അപകടകരമായി എറിയുക എന്നതാണ് 2.2.8 ചട്ടം പറയുന്നത്. ടെസ്റ്റിന്റെ മൂന്നാം ദിനം 58 ാം ഓവറിലായിരുന്നു സസ്‌പെന്‍ഷനിലേക്ക് എത്തിച്ച ചട്ടലംഘനം നടന്നത്. ജഡേജയായിരുന്നു ബോളര്‍. ലങ്കന്‍ ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നെക്ക് നേരെ ആ ഓവറില്‍ ജഡേജ അപകടരമായ രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് ഫീല്‍ഡ് അമ്പയര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കരുണരത്‌നെ അടിച്ച പന്ത് പിടിച്ചെടുത്ത ജഡേജ സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ ഈ സമയം ലങ്കന്‍ താരം ക്രീസിനു വെളിയിലേക്ക് വന്നിരുന്നില്ല. ഭാഗ്യത്തിനാണ് ബാറ്റ്‌സ്മാന്‍ പരിക്കേല്‍ക്കാതെ ലക്ഷപെട്ടത്. പ്രതിരോധത്തിന് നില്‍ക്കാതെ ജഡേജ കുറ്റം സമ്മതിച്ചതു കൊണ്ട് കൂടുതല്‍ വിശദീകരണം ചോദിക്കുന്നില്ലെന്നാണ് ഐസിസിയുടെ പക്ഷം. ജഡേജയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 70 റണ്‍സ് നോട്ടൗട്ടും ഏഴ് വിക്കറ്റും പിഴുത ഓള്‍റൗണ്ട് മികവാണ് ജഡേജയുടെ കുതിപ്പിനാധാരം. ഇതേത്തുടര്‍ന്ന് ടെസ്റ്റ് റാങ്കിങില്‍ ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ജഡേജ കയറുകയും ചെയ്തിരുന്നു.

chandrika: