ദുബായ്: ലോക ഭരണകൂട ഉച്ചകോടി (ഡബ്ല്യു.ജി.എസ്) 13ന് ‘ഭാവി ഭരണകൂടങ്ങള്‍ രൂപപ്പെടുത്തുക’ എന്ന ആശയത്തില്‍ ദുബായ് മദീനത് ജുമൈറയില്‍ സംഘടിപ്പിക്കും. 150 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള ഉച്ചകോടിയില്‍ 20 രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരും 250 ലധികം മന്ത്രിമാരും 1,000 ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. രാഷ്ട്ര മീമാംസകരും നയതന്ത്ര്ഞരും ചിന്തകരും സംബന്ധിക്കുന്ന ഉച്ചകോടിയില്‍ 220 ലധികം സെഷനുകളാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. ആഗോള തലത്തില്‍ സുസ്ഥിര വികസനം നേരിടുന്ന വെല്ലുവിളികള്‍, കാലാവസ്ഥാ പ്രതിസന്ധികള്‍, ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നതാണ്. വിവിധ ഗവണ്‍മെന്റുകളുടെ ഭരണ വഴിയിലെ അനുഭവങ്ങള്‍, രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനുള്ള അന്താരാഷ്ട്ര സഹകരണ സാധ്യതകള്‍ എന്നിവ വിശകലനം ചെയ്യും. ഉച്ചകോടിയുടെ രണ്ടാം ദിവസം അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗയ്ഥ്മുഖ്യ പ്രഭാഷണം നടത്തും. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി, അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ നാസര്‍ അല്‍ ഹത്‌ലാന്‍ അല്‍ ഖഹ്താനി എന്നിവരും പ്രഭാഷണം നടത്തുന്നതാണ്. 6 പ്രധാന തീമുകള്‍ക്കുള്ളില്‍ ഒരു കൂട്ടം സംവേദനാത്മക സെഷനുകള്‍ ഉച്ചകോടിയിലുള്‍പ്പെടുന്നു. മനുഷ്യ വിഭവ വികസനത്തിന് നല്‍കിയ അസാധാരണ സംഭാവനകള്‍ക്ക് മന്ത്രിമാര്‍, സ്വകാര്യ മേഖലയിലെ പ്രവര്‍ത്തകര്‍, ഇന്നൊവേറ്റര്‍മാര്‍, പ്രതിഭകള്‍ എന്നിവരെ അഭിനന്ദിച്ച് 7 ആഗോള അവാര്‍ഡുകള്‍ നല്‍കുന്നതാണ്.