കൊച്ചി: ഒമ്പതാമത് സതേണ്‍ നേവല്‍ കമാന്‍ഡ് മിലിട്ടറി ഫോട്ടോഗ്രാഫി അവാര്‍ഡിന് ചന്ദ്രിക കൊച്ചി യൂണിറ്റ് ഫോട്ടോഗ്രാഫര്‍ നിതിന്‍കൃഷ്ണന്‍ അര്‍ഹനായി. സതേണ്‍ നേവല്‍ കമാന്‍ഡ് എറണാകുളം പ്രസ്‌ക്ലബ്ബുമായി സഹകരിച്ച് പ്രസ് ക്ലബ്ബ് ആര്‍ട് ഗ്യാലറിയില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ബില്യണ്‍ ചാള്‍സ് (ദീപിക, കൊച്ചി) രണ്ടാം സ്ഥാനവും എസ്.എല്‍ ശാന്ത് കുമാര്‍ (ടൈംസ് ഓഫ് ഇന്ത്യ, മുംബൈ) മൂന്നാം സ്ഥാനവും നേടി. ജിപ്‌സണ്‍ സികേര (ടൈംസ് ഓഫ് ഇന്ത്യ), വി.ശിവറാം (റോയിട്ടേഴ്‌സ്) എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹരായി. നേവല്‍ ക്രാഫ്റ്റ് യാര്‍ഡ് അഡ്മിറല്‍ സൂപ്രണ്ടന്റ് റിയല്‍ അഡ്മിറല്‍ എസ്.എന്‍ അലമാന്ദ, മാരിടൈം വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ കമ്മഡോര്‍ എന്‍.എ.ജെ ജോസഫ്, ഐ.എന്‍.എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ കമ്മഡോര്‍ സൈമണ്‍ മത്തായി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. രാജ്യത്താകമാനമുള്ള ഫോട്ടോ ജേര്‍ണലിസ്റ്റുകളില്‍ നിന്നായി 90 എന്‍ട്രികളാണ് അവാര്‍ഡിനായി ലഭിച്ചത്. ഡിസംബര്‍ രണ്ടിന് എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടക്കുന്ന ചടങ്ങില്‍ ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറല്‍ എ.കെ ചൗള അവാര്‍ഡുകള്‍ സമ്മാനിക്കും.
2013 മുതല്‍ ചന്ദ്രികയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന നിതിന്‍ കൃഷ്ണന്‍ കോഴിക്കോട് അത്തോളി കല്ലിലാത്തൂട്ട് കൃഷ്ണനുണ്ണിയുടെയും റീജയുടെയും മകനാണ്. ഭാര്യ: സിന്‍സി മാത്യു. മകന്‍: നീല്‍ നിതിന്‍. പഞ്ചായത്ത് ദിനാഘോഷ ഫോട്ടോഗ്രാഫി അവാര്‍ഡ്, ഐ.എന്‍.എസ് വെണ്ടുരുത്തി അവാര്‍ഡ്, ലളിതകലാ അക്കാദമി ഓണപ്പൂക്കള ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.