X
    Categories: Newsworld

അവാവ്ദയുടെ നില അതീവ ഗുരുതരം; വെള്ളവും ഭക്ഷണവുമില്ലാതെ 70 ദിവസം

റാമല്ല: വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 70 ദിവസമായി ഇസ്രാഈലില്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഖലീല്‍ അവാവ്ദയുടെ ആരോഗ്യനില അതിവേഗം വഷളാകുന്നു. 2021 ഡിസംബറില്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിന് തെക്ക് ഇത്‌ന ഗ്രാമത്തില്‍നിന്നാണ് ഇസ്രാഈല്‍ സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ഈ നാല്‍പതുകാകാരനെ റംല ജയില്‍ ക്ലിനിക്കിലേക്ക് മാറ്റിയിട്ടുണ്ട്.

അവാവ്ദക്ക് കടുത്ത ക്ഷീണവും ശരീരമാസകലം വേദനയും അനുഭവപ്പെടുന്നുണ്ടെന്ന്് അഭിഭാഷകന്‍ അറിയിച്ചു. നിവര്‍ന്നു നില്‍ക്കാന്‍ പ്രയാസമുള്ളതുകൊണ്ട് വീല്‍ചെയറിന്റെ സഹായത്തോടെയാണ് തടവറയില്‍ കഴിയുന്നത്. അനാരോഗ്യം കാഴ്ചയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിന് നിരാഹാര സമരം ആരംഭിച്ച ശേഷം അവാവ്ദയുടെ തൂക്കം 17 കിലോ കുറഞ്ഞതായി ഭാര്യ ദലാല പറഞ്ഞു.

വെള്ളം മാത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഫലസ്തീന്‍ നേതൃത്വത്തോടും മനുഷ്യാവകാശ സംഘടനകളോടും അവര്‍ ആവശ്യപ്പെട്ടു. റാഇദ് റയ്യാന്‍ എന്ന 27കാരനും ഇസ്രാഈല്‍ തടവറയില്‍ നിരാഹാരം കിടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ റയ്യാന്റെ സമരം 35 ദിവസം പിന്നിട്ടുകഴിഞ്ഞു. 2021ല്‍ ആറ് ഫലസ്തീന്‍ തടവുകാരെ നിരാഹാര സമരത്തെ തുടര്‍ന്ന് ഇസ്രാഈല്‍ വിട്ടയച്ചിരുന്നു. അഡ്‌നിസ്‌ട്രേറ്റീവ് തടങ്കല്‍ എന്ന പേരില്‍ വിചാരണ കൂടാതെ നൂറുകണക്കിന് ഫലസ്തീനികളെയാണ് ഇസ്രാഈല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Chandrika Web: