X

നിരാഹാര സമരവുമാമായി ജിഷ്ണുവിന്റെ സഹോദരിയും; സമരം സര്‍ക്കാരിനെതിരെയല്ലെന്ന് അമ്മ

തിരുവനന്തപുരം: ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അമ്മ മഹിജ. തന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും പോലീസിനെതിരെയാണെന്നും മഹിജ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പോലീസ് നടപടിക്കിടെ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മഹിജ. അതേസമയം സമരം സര്‍ക്കാരിനെതിരയല്ലെന്നും പോലീസിനെതിരെയാണ് സമരമെന്നും മഹിജ വ്യക്തമാക്കി.

അതിനിടെ, ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതി തേടി അമ്മ മഹിജയും ബന്ധുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും. തിരുവനന്തപുരത്ത് നിരാഹാരസമരത്തിനായി പോയ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിക്കു പിന്നാലെയാണ് സമരമുഖത്തേക്കിറങ്ങാനുള്ള അവിഷ്ണയുടെ തീരുമാനം. മഹിജയുടെ സമരത്തിനൊപ്പം ചേര്‍ന്ന് അവിഷ്ണ കോഴിക്കോട്ടെ വീട്ടില്‍ നിരാഹാരമിരിക്കുന്നത്. അചഛനും അമ്മയും തിരിച്ചെത്തും വരെ സമരം നടത്തുമെന്നാണ് അവിഷ്ണയുടെ നിലപാട്.
അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്ത് പോയി സമരം ചെയ്യാനായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥിയായ അവിഷ്ണയുടെ ആദ്യ തീരുമാനം. എന്നാല്‍, മുത്തശ്ശി വീട്ടില്‍ തനിച്ചായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും, ചികില്‍സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരാഹാരം തുടങ്ങി. ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുകയാണെങ്കില്‍ നിരാഹാരസമരം ഡിജിപി ഓഫീസിനു മുന്നിലേക്ക് മാറ്റാനാണ് തീരുമാനം. ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും പോലീസ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും അമ്മ മഹിജ പറഞ്ഞു. പോലീസ് ബലപ്രയോഗത്തിനിടെ മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനും പരിക്കേറ്റിരുന്നു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഹിജ ഓര്‍ത്തോ വിഭാഗത്തിലും ശ്രീജിത്ത് ശസ്ത്രക്രിയാ വിഭാഗത്തിലുമാണുള്ളത്. മഹിജ ഉള്‍പ്പെടെയുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് ജീപ്പില്‍ കയറ്റിയത്. വാനിലേക്ക് കയറ്റുന്നതിനിടെ മഹിജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരും ആശുപത്രിയില്‍ നിരാഹാര സമരം തുടരുകയാണ്.

chandrika: