തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മുഹമ്മ, തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമ്മത്ര എന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി മുഹമ്മ എന്നിവിടങ്ങളില്‍ ബ്രോയിലര്‍ കോഴികളിലും കാക്കകളിലും ചുമ്മത്രയിലെ പക്ഷികളിലുമാണ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടങ്ങളിലെ സാമ്പിളുകള്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം ഭോപ്പാലിലെ ലാബില്‍ സ്ഥിരീകരിച്ചു.
അതെ സമയം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അടിക്കടി ഉണ്ടാവുന്ന പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെയും തിരുവല്ല ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. വിഷയത്തെ കുറിച്ച് വിശദമായി പഠിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ആലപ്പുഴ എടത്വ പഞ്ചായത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി ജില്ലയിലെ കുട്ടനാട് മേഖലയിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലും വ്യാപിച്ചിരുന്നു.
അടുത്തിടെ പത്തനംതിട്ട സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലും കോട്ടയം ജില്ലയിലെ മണര്‍കാട് സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പഠനത്തിന് സമിതിയെ നിയോഗിച്ചത്. മൂന്ന് ജില്ലകളിലെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത 17 കേന്ദ്രങ്ങളിലായി 29,120 പക്ഷികള്‍ മരണപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ജില്ലകളിലെ 1,02,758 പക്ഷികളെ കള്‍ ചെയ്യുകയും 14,732 മുട്ടയും 15221 കിലോഗ്രാം തീറ്റയും നശിപ്പിച്ചു. നിരണം സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലെ 3948 താറാവുകളെയും മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ 9175 കോഴികളെയും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നു സംസ്‌കരിക്കേണ്ടി വരികയും ചെയ്തു.
കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളില്‍ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് ആശ്വാസകരം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാക്കകളിലും മറ്റ് പറവകളിലും വളര്‍ത്തു പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അറിയിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. കാക്കകളെയും മറ്റു പക്ഷികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതു നിരത്തിലോ വെളിയിടങ്ങളിലോ വലിച്ചെറിയരുത്. ഫാമുകളിലും കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കണം. വനപ്രദേശങ്ങള്‍ക്കു സമീപമുള്ള പ്രദേശങ്ങളില്‍ പക്ഷികളില്‍ അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ വനം വകുപ്പ് അധികാരികളെയോ മൃഗാശുപത്രികളിലോ അറിയിക്കണം. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ചു.