പെരിന്തല്‍മണ്ണ: ഏലംകുളത്ത് ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പ്രതിയായ യുവതിയുടെ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) നെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിനെ കുറിച്ചു പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി മരിച്ച ഫാത്തിമ ഫഹ്‌നയുടെ വീട്ടില്‍ ഭര്‍ത്താവ് റഫീഖും ഇവരുടെ നാലര വയസുള്ള പെണ്‍കുട്ടിയുംകൂടി രാത്രി ഭക്ഷണ ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു.തുടര്‍ന്ന് റഫീഖ് ഫഹ്‌നക്ക് വേറെ ആരുമായോ ബന്ധമുണ്ടെന്ന് പറഞ്ഞു ക്രൂര കൃത്യം ചെയ്യുകയായിരുന്നു. ഫഹ്‌നയുടെ കാലുകളും കൈകളും തുണി കൊണ്ട് കൂട്ടിക്കെട്ടി ജനലിലേക്ക് കെട്ടിയിട്ട് കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയും വായില്‍ തുണി തിരുകിയും ശ്വാസം മുട്ടിച്ചുമാണ് പ്രതി കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഫഹ്‌നയുടെ ദേഹത്തു ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.
ഫഹ്‌നയുടെ മുറിയില്‍ നിന്നും ബഹളം കേട്ട് അടുത്തുള്ള റൂമില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്‌നയുടെ മാതാവ് എഴുന്നേറ്റ് നോക്കിയപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംശയം തോന്നിയ മാതാവ് റൂമില്‍ ചെന്നു നോക്കിയപ്പോഴാണ് ഫഹ്‌നയെ കൈകാലുകള്‍ ബന്ധിച്ചു വായില്‍ തുണിതിരുകിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെത്തി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പ്രതിയായ റഫീഖിനെ മണ്ണാര്‍ക്കാട് ആവണക്കുന്നിലെ വീട്ടില്‍ നിന്നും പെരിന്തല്‍മണ്ണ സി.ഐ അലവിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ ചോദ്യം ചെയ്തതില്‍ പ്രതിയുടെ ലൈംഗികാവശ്യം ഭാര്യ നിരാകരിച്ചതിലുള്ള വിരോധവും ഭാര്യക്ക് വേറെ ആരുമായോ ബന്ധമുണ്ടെന്ന സംശയവുമാണ് ഫഹ്‌നയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെരിന്തല്‍മണ്ണ സി ഐ അലവിയും സംഘവും പ്രതിയുടെ മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുനിലെ വീട്ടിലെത്തി നടത്തിയ പരിശോധയില്‍ ബെഡ്‌റൂമില്‍ നിന്നും ഫഹ്‌നയുടെ സ്വര്‍ണാഭരണങ്ങളും പ്രതി സംഭവസമയം ധരിച്ചിരുന്ന വസ്ത്രങ്ങളും അടങ്ങിയ ബാഗും കണ്ടെടുത്തു. പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ചാര്‍ജുള്ള തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.